മലപ്പുറം: അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണ് കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തിയതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സിജെപിയുടെ സമരവിജയം മോദി സർക്കാരിന് വലിയ തിരിച്ചടിയാണെന്നും ബിജെപിയുടെ തകർച്ചയുടെ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവാക്കൾ മുന്നോട്ടുവച്ച സമരത്തിന്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ പ്രതിഷേധം ഉയർന്നുവരുന്നത് മനസ്സിലാക്കിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് സമരം ഒത്തുതീർപ്പാക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയ നിരവധി വിഷയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇവ ജനജീവിതത്തെ ബാധിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജാതി, മതം, പ്രദേശം തുടങ്ങിയ വ്യത്യാസങ്ങൾ മറന്ന് യുവാക്കൾ ശക്തമായി പ്രതികരിച്ചതിലൂടെ പുതിയ തലമുറ കൂടുതൽ ബോധവാന്മാരാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. തീവ്ര ആശയങ്ങളിലൂടെ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വഖഫ് വിഷയത്തിൽ എൽഡിഎഫ് നടത്തുന്ന പ്രചാരണം വിജയിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വഖഫ്, പിഎം ശ്രീ വിഷയങ്ങൾ ഉണ്ടാക്കിയത് എൽഡിഎഫ് ആണെന്നും അതിന്റെ ഉത്തരവാദിത്തം യുഡിഎഫിന് മേൽ ചുമത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


