ലഖ്നൗ: നിർമാണ സ്ഥലത്ത് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു. ഗ്രേറ്റർ നോയിഡയിലെ ഭവനസമുച്ചയ നിർമാണത്തിനായി കുഴിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് അവ്യാൻ സൂര്യ അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ വെള്ളം നിറഞ്ഞ കുഴിയിലേക്ക് വീണത്. സമീപവാസികൾ നടത്തിയ തിരച്ചിലിൽ അഞ്ച് മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിർമാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കുട്ടികൾ കളിച്ചിരുന്ന സ്ഥലത്തിന് സമീപം ഇത്രയും ആഴത്തിലുള്ള വെള്ളക്കെട്ടുള്ള കുഴിയുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
കേന്ദ്രീയ വിദ്യാലയത്തിലെ ആർട്ട് അധ്യാപകനായ ശിവൻ യാദവിന്റെ മകനാണ് മരിച്ച അവ്യാൻ സൂര്യ.




