കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കൊച്ചിയിൽ ആഹ്ലാദ പ്രകടനവുമായി റാപ്പൻ വേടനും സംഘവും. ഭരണഘടനയും ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രവും ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ‘ആസാദി യാത്ര’യിൽ നിരവധി പേർ പങ്കെടുത്തു.
ധർമേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യ വിശ്വാസികൾക്ക് സന്തോഷം പകരുന്ന തീരുമാനമാണെന്ന് വേടൻ മാധ്യമങ്ങളോട് പറഞ്ഞു. ആ സന്തോഷം പങ്കുവെക്കാനാണ് പദയാത്ര സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
“എത്ര ശക്തമായ ഫാസിസ്റ്റ്, ജനവിരുദ്ധ സർക്കാർ ആയാലും വിദ്യാർഥികളുടെയും ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്നതിന്റെ തെളിവാണ് ഈ രാജി. രാജ്യത്തെ യുവതലമുറയ്ക്ക് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ടെന്ന് ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം തെളിയിച്ചു. ഇന്നത്തെ തലമുറയ്ക്ക് രാഷ്ട്രീയബോധമില്ലെന്ന ധാരണയെ ഈ സമരം തിരുത്തിക്കുറിച്ചു,” എന്നും വേടൻ പറഞ്ഞു.
കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പ്രതീക്ഷിച്ചതിലേറെ പേർ പങ്കെടുത്തതിനാൽ ഗതാഗത തടസ്സമുണ്ടായെന്നും അതിന്റെ ഭാഗമായാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് തന്റെ നിലപാടെന്നും, എന്നാൽ പ്രതിഷേധങ്ങളും ജനാധിപത്യ സമരങ്ങളും പൊതുഇടങ്ങളിൽ തന്നെ നടക്കേണ്ടിവരുമെന്നും വേടൻ കൂട്ടിച്ചേർത്തു.


