ജി സുധാകരനും സിപിഎമ്മും തമ്മിലുള്ള വാക്പോരുകൾ കഴിഞ്ഞ കുറെക്കാലമായി കേരള രാഷ്ട്രീയത്തിൽ ചൂടുപിടിച്ച ചർച്ചാവിഷയമാണ്. സിപിഎമ്മിൽ നിന്ന് അകലുകയും സ്വതന്ത്ര നിലപാടുകളിലേക്ക് നീങ്ങുകയും ചെയ്തതു മുതൽ പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കും നയങ്ങൾക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സുധാകരൻ നിരന്തരം രംഗത്തെത്താറുണ്ട്. തിരിച്ചും ആവശ്യത്തിന് പ്രാദേശിക നേതൃത്വത്തിൽ നിന്ന് മറുപടികൾ കിട്ടാറുമുണ്ട്.
എന്നാൽ, സിപിഎമ്മിനെ തളക്കാൻ സുധാകരൻ ഉപകരിക്കുമെന്ന് കരുതി തുടക്കത്തിൽ അദ്ദേഹത്തെ കൈയിലെടുക്കാൻ ശ്രമിച്ച യുഡിഎഫിനും കോൺഗ്രസിനും ഇപ്പോൾ “ഈ തലവേദന ഒന്നും വേണ്ടായിരുന്നു” എന്ന് തോന്നിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. മുൻപ് പിണറായി വിജയനെതിരെ സുധാകരൻ വിമർശനമുന്നയിച്ചപ്പോൾ ആവേശത്തോടെ കൈയടിച്ച കോൺഗ്രസുകാരെ വേദിയിൽ വെച്ചുതന്നെ തിരുത്തിയ ചരിത്രം സുധാകരനുണ്ട്. “ഞാൻ നിങ്ങളുടെ ആളല്ല, തനിക്ക് വേണ്ടി കൈയടിക്കാൻ കോൺഗ്രസുകാർ വരേണ്ടതില്ല” എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് രാഷ്ട്രീയത്തിൽ ആരെയും വിമർശിക്കാം, അതിന് പ്രത്യേക ലൈസൻസൊന്നും വേണ്ടെന്ന അഹങ്കാരമല്ല, മറിച്ച് തന്റെ അപാരമായ രാഷ്ട്രീയ സ്വാതന്ത്ര്യത്തെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അക്കാര്യം കോൺഗ്രസുകാർക്ക് ഇപ്പോൾ പൂർണ്ണമായും ബോധ്യമായിക്കാണും.
അതിലെ ഏറ്റവും പുതിയ സംഭവമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനെതിരെ സുധാകരൻ ആഞ്ഞടിച്ചത്. തനിക്കെതിരെ സിപിഎം- കോൺഗ്രസ് കൂട്ടുകെട്ടുണ്ടെന്നാണ് സുധാകരന്റെ പുതിയ കണ്ടുപിടുത്തം. ചെന്നിത്തലയുടെ പാർട്ടി ആലപ്പുഴയിൽ സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടു കച്ചവടം അവസാനിപ്പിക്കണമെന്ന ഉപദേശവും വേദിയിൽ വെച്ചുതന്നെ കൊടുക്കുന്നുണ്ട്. ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തി. നഗരസഭയിൽ തനിക്കു നേരെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പൊലീസ് തന്നെ വിവരം അറിയിച്ചില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നു. ചെന്നിത്തലയോട് തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന മട്ടിലായിരുന്നു ആക്രമണം. “ഇത്രയും വേണമായിരുന്നോ” എന്ന് വേദിയിലിരുന്ന ചെന്നിത്തല പോലും ഒരു നിമിഷം ആത്മഗതം ചെയ്തിട്ടുണ്ടാകണം.
കൂട്ടുകച്ചവടത്തിന്റെ തെളിവുകൾ കൈയിലുണ്ടെന്നും ഇത് രാഷ്ട്രീയമല്ല, അരാഷ്ട്രീയവും അവസരവാദവും അഴിമതിയുമാണെന്നും എംഎൽഎ കൂടിയായ സുധാകരൻ വാദിക്കുന്നു. എന്നാൽ “അവസരവാദം” എന്ന വാക്ക് ആരുടെ വായിൽ നിന്നാണ് വരുന്നതെന്ന് കേൾക്കുന്ന പൊതുജനം പുഞ്ചിരിയോടെ മാത്രമായിരിക്കും നോക്കിക്കാണുന്നത്.
സംഭവം ഇതാണ്- എംഎൽഎമാർക്ക് സ്വീകരണത്തിനുള്ള ചടങ്ങിലേക്ക് സുധാകരൻ പോയി. കുറേ നേരം കാത്തിരുന്നിട്ടും ആരും വന്നില്ല. പകരം പ്രതിഷേധവുമായി സിപിഎമ്മുകാർ അവിടെ ഉണ്ടെന്ന് ആളുകൾ പറഞ്ഞു. കോൺഗ്രസ് നേതാക്കളെ വിളിച്ചു ചോദിച്ചപ്പോൾ അവർക്കൊന്നുമറിയില്ല. തനിക്കെതിരെ പ്ലക്കാർഡ് പിടിച്ചവരെ അറസ്റ്റു ചെയ്തു മാറ്റിയില്ല?. പൊലീസിനും മുനിസിപ്പൽ ചെയർപേഴ്‌സണും കോൺഗ്രസുകാർക്കും പ്രതിഷേധം ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും ഒന്നും ചെയ്തില്ലെന്നും ആ വിവരം തന്നെ അറിയിക്കുന്നതിൽ ആഭ്യന്തര വകുപ്പിൻറെ കീഴിലുള്ള പോലീസ് വീഴ്ച വരുത്തിയെന്നുമാണ് പരാതി.
എന്നാൽ പരസ്യമായ ഒരു വാക്പോരിലേക്ക് പോകാമായിരുന്ന ഈ വിഷമവൃത്തത്തെ അങ്ങേയറ്റം സമാധാനപരമായും രാഷ്ട്രീയ പക്വതയോടെയും നേരിടാൻ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചു. അനാവശ്യ വിവാദങ്ങൾക്ക് തിരി കൊളുത്താതെ സുധാകരന്റെ സ്വഭാവത്തെ സൗമ്യമായി തുറന്നുകാട്ടുകയാണ് ചെന്നിത്തല ചെയ്തത്. നിഷ്കളങ്കനായ വ്യക്തിയായതിനാലാണ് സുധാകരൻ ഇങ്ങനെ വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അതായത്, മനസിൽ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് പറയില്ലെന്നർത്ഥം. ഒപ്പം സിപിഎമ്മുകാരോട് രണ്ട് വാക്കും- സുധാകരൻ എവിടെപ്പോയാലും അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നൊരു കൊച്ചു ഉപദേശം.
കേരളത്തിന്റെ പൊതു ജീവിതത്തിൽ ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവായതിനാലാണ് സ്വതന്ത്രനായി മത്സരിച്ചിട്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിഞ്ഞതെന്നും ആ ജനവിധി മാനിക്കണമെന്നും അദ്ദേഹത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറയുമ്പോഴും പ്രവർത്തകർക്ക് അഭിപ്രായം മറ്റൊന്നാകാനാണ് സാധ്യത. ആലപ്പുഴയിൽ സുധാകരനും സിപിഎമ്മും തമ്മിൽ നടക്കുന്നത് ഒരു പ്രാദേശിക വിഷയമാണെന്നതാണ് ചെന്നിത്തലയുടെ നിലപാട്. ഒരുപക്ഷെ ഇത് തന്നെയാണ് അക്കാര്യത്തിൽ സിപിഎം നേതൃത്വത്തിന്റേയും നിലപാട്. അതിനാൽ തന്നെയാണ് സുധാകരന് മറുപടിയുമായി പ്രാദേശിക നേതാക്കൾ മാത്രം രംഗത്ത് വരാറുള്ളത്. അതിനപ്പുറത്തേക്കുള്ളൊരു പ്രാധാന്യം ജി സുധാകരനെന്ന തങ്ങളുടെ പഴയ പടക്കുതിരയ്ക്ക് സിപിഎം ഇപ്പോൾ നൽകുന്നില്ല.
എന്തുകൊണ്ടായിരിക്കാം ജി. സുധാകരൻ ഇത്തരമൊരു വിമർശനം ഉന്നയിച്ചത്? അദ്ദേഹം വർഷങ്ങളോളം പാർട്ടിയുടെ ഭാഗമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണോ ഈ പരാമർശങ്ങൾ? അതോ വ്യക്തിപരമായ വിലയിരുത്തലാണോ? ഇതിനെല്ലാം ഇനി വരും ദിവസങ്ങളിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാകുമോ എന്ന് കാത്തിരിക്കാം.
ചുരുക്കത്തിൽ, സിപിഎമ്മിനെ അടിക്കാൻ സുധാകരൻ എന്ന വടി തിരഞ്ഞെടുത്ത കോൺഗ്രസിന്, ആ വടി കൊണ്ട് സ്വന്തം പുറത്ത് അടികിട്ടുന്ന അവസ്ഥയാണിപ്പോൾ. പൊതിച്ചോർ വിഷയവുമായി ബന്ധപ്പെട്ട പരാമർശങ്ങളെല്ലാം അക്കൂട്ടത്തിൽ പെട്ടതാണ്. ആർക്കെതിരേയും എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാൾ ഏത് നിമിഷവും കോൺഗ്രസിനേയും തിരിഞ്ഞുകൊത്തുമെന്ന യാഥാർത്ഥ്യം നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയുമെന്ന് കരുതാം. ഇന്ന് ചെന്നിത്തല പക്വതയോടെ നേരിട്ടെങ്കിൽ നാളെ മറ്റൊരു നേതാവിന് ഇതിന് കഴിയാതെ വരുന്ന പക്ഷം യുദ്ധം ജി സുധാകരൻ-സിപിഎം എന്നതിൽ നിന്ന് മാറി സുധാകരൻ-കോൺഗ്രസ് എന്ന നിലയിലേക്ക് എത്തിയെന്നും വരാം.




