പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പാലക്കാട് സ്വദേശി അറസ്റ്റിൽ. തിരുവേഗപ്പുറ കൈപ്പുറം അഴകന്‍കണ്ടത്തില്‍ അയ്യൂബിനെയാണ് (58) കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള വ്യാജ ഓഫർ ലെറ്റർ, യുഎഇ സർക്കാർ നൽകിയതെന്ന വ്യാജേന വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് എന്നിവ വാട്‌സ്ആപ്പ് വഴി അയച്ചുനൽകി പരാതിക്കാരന്റെ വിശ്വാസം നേടിയ ശേഷമാണ് പണം തട്ടിയത്.
പരാതിക്കാരനുമായി മെയ് മുതൽ ജൂലൈ വരെ വാട്‌സ്ആപ്പ് മുഖേന നിരന്തരം ബന്ധപ്പെട്ട പ്രതി, യുഎഇയിൽ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തു. വിസ, യാത്ര, മറ്റ് നടപടിക്രമങ്ങൾ എന്നിവയുടെ ചെലവെന്ന പേരിൽ വിവിധ ഘട്ടങ്ങളിലായി ₹1,22,600 കൈപ്പറ്റുകയായിരുന്നു.
വാട്‌സ്ആപ്പ് പ്രൊഫൈലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ചിത്രവും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാലക്കാട് ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.
ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, പരാതിക്കാരനിൽ നിന്ന് ലഭിച്ച തുക സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചതെന്നും പിന്നീട് ചെലവഴിച്ചെന്നും പൊലീസ് അറിയിച്ചു. സമാനമായ തട്ടിപ്പുകേസുകളിൽ ഇയാൾക്ക് മുൻപും പങ്കുണ്ടായിരുന്നുവെന്നും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള സമാന കേസുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.




