കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റു. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
നാദാപുരം ടി.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ വൈഗ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ സ്റ്റെപ്പിൽ നിന്നിരുന്ന വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വൈഗയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് ബസിൽ അമിത തിരക്കായിരുന്നുവെന്നും തിരക്ക് കാരണം വാതിൽ പൂർണമായി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രാഥമിക വിവരമുണ്ട്. ഓടിക്കൊണ്ടിരിക്കെ വാതിൽ തുറന്നതിനെ തുടർന്നാണ് വിദ്യാർഥിനി പുറത്തേക്ക് തെറിച്ചുവീണതെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


