ദിസ്പൂർ: അസമിലെ ഗൊലാഘട്ടിൽ തടവുകാരെ രക്ഷപ്പെടാൻ സഹായിച്ചെന്ന കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. പൊലീസ് ഓഫീസർ ബിരേന്ദ്ര നാഥ് ബോറ, ഹോം ഗാർഡുമാരായ ദിക്കു സൈകിയ, കൃഷ്ണകാന്ത ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
ഗൊലാഘട്ട് സീനിയർ പൊലീസ് സൂപ്രണ്ട് രാജൻ സിംഗിന്റെ വിവരമനുസരിച്ച്, ചികിത്സയിലായിരുന്ന മൂന്ന് കുപ്രസിദ്ധ കുറ്റവാളികളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നസീബുർ റഹ്മാനും രൂപം കലിത, അജയ് ഗോവാല എന്നിവരുമാണ് രക്ഷപ്പെട്ടത്.
ഷഹീദ് കുശാൽ കൊൻവർ സിവിൽ ആശുപത്രിയിലായിരുന്നു തടവുകാരെ പ്രവേശിപ്പിച്ചിരുന്നത്. ഇവരുടെ സുരക്ഷാ ചുമതല ബിരേന്ദ്ര നാഥ് ബോറ, ദിക്കു സൈകിയ, കൃഷ്ണകാന്ത ദാസ് എന്നിവർക്കായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തടവുകാർ രക്ഷപ്പെടാൻ പൊലീസ് ഉദ്യോഗസ്ഥർ സഹായിച്ചതായി കണ്ടെത്തിയത്. മൂന്ന് ഉദ്യോഗസ്ഥരെയും ഉടൻ അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട തടവുകാർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.












