കൊച്ചി: മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ ധന്യ മോഹനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. ഇ.ഡി.യുടെ നിർദേശപ്രകാരം ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരായ ധന്യയെ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മണപ്പുറം ഗ്രൂപ്പിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ച് വർഷത്തിനിടെ ധന്യ മോഹൻ ഏകദേശം 20 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിയെടുത്ത തുക ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഭർത്താവിന്റെ എൻ.ആർ.ഐ. അക്കൗണ്ടിലേക്കും മാറ്റിയതായി അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു.
ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾക്കായാണ് തട്ടിയെടുത്ത പണത്തിന്റെ വലിയൊരു ഭാഗം വിനിയോഗിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകളിൽ കുഴൽപ്പണ ബന്ധവും ഉണ്ടായിരിക്കാമെന്ന സംശയത്തിൽ ഇ.ഡി. ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കൂടുതൽ പരിശോധന നടത്തുകയാണ്.
ആദ്യഘട്ടത്തിൽ പോലീസ് അന്വേഷിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നത്. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഒളിവിൽ പോയ ധന്യ മോഹൻ പിന്നീട് കൊല്ലം പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിന് പിന്നാലെയാണ് കേസിൽ ഇ.ഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.



