തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
നാളെയും ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ മാസം 31 വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, ദുർബലമായ കാലവർഷം സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നുണ്ട്. കാർഷിക മേഖലയുൾപ്പെടെ മഴക്കുറവിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാകുന്നതായാണ് വിലയിരുത്തൽ. മിക്കയിടങ്ങളിലും ലഭിക്കുന്നത് ഒറ്റപ്പെട്ട മഴ മാത്രമായതിനാൽ ഭൂഗർഭജലനിരപ്പോ നദികളിലെ ജലനിരപ്പോ കാര്യമായി ഉയരുന്നില്ല. പല ജില്ലകളിലും പകൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്.
തമിഴ്നാട്ടിലും കർണാടകയിലും മഴ കുറവായതോടെ പച്ചക്കറികൾക്കും പൂക്കൾക്കും ഉൾപ്പെടെ വില വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇത് ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മഴക്കുറവിനെ തുടർന്ന് സംസ്ഥാനത്ത് ജലവൈദ്യുതി ഉൽപാദനവും നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.











