തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.മിതമായ നിരക്കിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി സിവിൽ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഓണക്കാല വിപണി ഇടപെടലുകളുടെ വിശദാംശങ്ങൾ അറിയിച്ചത്. സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8ന് ആരംഭിക്കും. എറണാകുളത്ത് അന്നേദിവസം വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 25 വരെ ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും നടത്തും. ഓണത്തിന് മുന്നോടിയായുള്ള അവസാന ആറു ദിവസങ്ങളിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകളും സംഘടിപ്പിക്കും.
ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളും ഫെയറുകളുടെ ഭാഗമാകും. ഓണക്കാലത്ത് വിവിധ പദ്ധതികളിലൂടെ 1,29,078.302 മെട്രിക് ടൺ അരിയും 24,506.291 മെട്രിക് ടൺ ഗോതമ്പും വിപണിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സെപ്റ്റംബർ മാസത്തെ സബ്‌സിഡി ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർക്ക് ആഗസ്റ്റിൽ തന്നെ മുൻകൂറായി വാങ്ങാനുള്ള സൗകര്യം ഒരുക്കും. നീല റേഷൻ കാർഡുടമകൾക്ക് സാധാരണ വിഹിതത്തിന് പുറമെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും അധികമായി വിതരണം ചെയ്യും. എൻപിഎസ്, എൻപിഎൻഎസ് വിഭാഗങ്ങളിലെ കാർഡുടമകൾക്കും ഗോതമ്പ് ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.
മഞ്ഞ റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉൽപ്പന്നങ്ങൾ ഉൾപ്പെട്ട സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും. ആഗസ്റ്റ് 25നകം വിതരണം പൂർത്തിയാക്കും. ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
വിപണിയിലെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് ആഗസ്റ്റ് മുതൽ പരിശോധന ശക്തമാക്കും. വിലനിലവാരം നിരീക്ഷിക്കുന്ന പ്രൈസ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കും.
ഓണക്കിറ്റ് വിതരണം, വിപണി ഇടപെടൽ, നെല്ല് സംഭരണം എന്നിവയ്ക്കായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 448.05 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 50,000 മുൻഗണനാ റേഷൻ കാർഡുകൾ നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും 73,024 അപേക്ഷകൾ ഇതിനകം അംഗീകരിച്ച് പുതിയ കാർഡുകൾ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പുതിയ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ആഗസ്റ്റ് 3ന് തിരുവനന്തപുരത്ത് നടക്കും.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മുൻകാല പ്രതിസന്ധികൾ വലിയ തോതിൽ പരിഹരിച്ചതായും മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കൺസോർഷ്യം വഴിയുള്ള വായ്പാ പരിധി 1,600 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. അടുത്ത നെല്ല് സംഭരണ സീസണിന് മുമ്പ് കർഷകരുടെ രജിസ്ട്രേഷൻ കൃഷിവകുപ്പുമായി സഹകരിച്ച് പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സപ്ലൈകോയുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഓണത്തിന് ശേഷം പുതിയ മാർക്കറ്റിങ് പദ്ധതി നടപ്പാക്കും. പരസ്യവരുമാനം, എഫ്എംസിജി ഉൽപ്പന്നങ്ങളുടെ വിപണനം, പെട്രോൾ പമ്പുകൾ എന്നിവയിലൂടെ അധിക വരുമാനം കണ്ടെത്താനും അതിലൂടെ സപ്ലൈകോയുടെ സബ്‌സിഡി ഉൽപ്പന്ന വിതരണം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്.




