കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേസിൽ റിമാൻഡിൽ കഴിയുന്ന പി.എസ്. പ്രശാന്തിനെയും ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കൊല്ലം വിജിലൻസ് കോടതിയാണ് പ്രതികളെ എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും കേസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദമായി ചോദ്യം ചെയ്യും.
ജൂലൈ 23-നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2019-ൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണക്കൊള്ള മറച്ചുവെക്കുന്നതിനായാണ് 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന കാലത്ത് സ്വർണപ്പാളികൾ ചെന്നൈയിലെ സ്വകാര്യ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസിന് വീണ്ടും കൈമാറിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
സ്വർണം വീണ്ടും പൂശുന്നതിനായി ഹൈക്കോടതിയെ അറിയിക്കാതെയാണ് പാളികൾ സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതെന്നും അന്വേഷണസംഘം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും സംഭവവികാസങ്ങളിൽ വ്യക്തത വരുത്തുന്നതിനുമായാണ് പ്രതികളെ എസ്ഐടി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.











