കൊച്ചി: ട്വന്റി 20 പാർട്ടി വിട്ടതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരായ ആരോപണങ്ങളിൽ കൂടുതല്‍ ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് അഖിൽ മാരാർ. “താൻ നേരിട്ട ചതികളുടെ സത്യം പറയും” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് അഖിൽ മാരാർ ചാറ്റുകൾ പങ്കുവെച്ചത്.
പറ്റിയ തെറ്റ് തിരുത്തണമെന്ന ചിന്തയാണ് പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് അഖിൽ മാരാർ വ്യക്തമാക്കി. കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കണമെന്ന ആഗ്രഹമാണ് തന്നെ ട്വന്റി 20യിലേക്ക് അടുപ്പിച്ചതെന്നും എന്നാൽ സീറ്റ് നൽകാതെ പാർട്ടി തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും സാബു എം. ജേക്കബ് തന്നെ ചതിച്ചുവെന്നും അഖിൽ മാരാർ പറഞ്ഞു. രാഷ്ട്രീയ ബോധമില്ലാത്തവർക്ക് സ്ഥാനാർഥിത്വം നൽകിയതിലൂടെ എൻഡിഎയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലുമില്ലാത്ത ഏക എൻഡിഎ സ്ഥാനാർഥി താനായിരുന്നുവെന്നും കൗൺസിലർ പോലുമില്ലാത്ത മണ്ഡലത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് പ്രചാരണം ശക്തമാക്കിയതെന്നും അഖിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം പലതവണ സാബു എം. ജേക്കബിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും അഖിൽ ആരോപിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും വ്യക്തിപരമായി നേരിട്ട ബുദ്ധിമുട്ടുകൾ അറിയിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കളിൽ നിന്ന് വിവരങ്ങൾ ലഭിച്ചതായും വലിയ തുക സാബു എം. ജേക്കബിന് നൽകിയെന്ന ആരോപണം ഉയർന്നതായും അഖിൽ മാരാർ ഉന്നയിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ല.
ട്വന്റി 20യിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും ഇനി സഹകരിച്ച് മുന്നോട്ട് പോകാനാകില്ലെന്നും നേരത്തെ അഖിൽ മാരാർ വ്യക്തമാക്കിയിരുന്നു. കൊട്ടാരക്കര സീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്നാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്നും പിന്നീട് സാബു എം. ജേക്കബ് പിന്തുണ അറിയിച്ചതിനെ തുടർന്നാണ് ട്വന്റി 20യിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.




