ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് മുമ്പ് ചോർന്ന 42 ചോദ്യങ്ങളും യഥാർത്ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെട്ടതായും, ചോദ്യപേപ്പർ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
അഴിമതി നിരോധന നിയമവും പൊതുപരീക്ഷാ നിയമവും പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി നാളെ പരിഗണിക്കും. കേസിലെ 13 പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം ഖൈര്‍നാര്‍, യഷ് യാദവ്, ധനഞ്ജയ് ലോകാണ്ഡെ, പ്രഹ്‌ളാദ് കുല്‍ക്കര്‍ണി, തേജസ് ഹര്‍ഷദ് കുമാര്‍, ഡോ. മനോജ് ശിരൂര്‍, മനീഷ സഞ്ജയ് ഹവില്‍ദാര്‍, മനീഷ മന്ധാരെ, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കര്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതികള്‍.
അന്വേഷണത്തിൽ, മകൻ വികാസ് ബിവാളിന് വേണ്ടി നീറ്റ് ചോദ്യപേപ്പർ ലഭ്യമാക്കാൻ മംഗിലാൽ ബിവാൾ ശുഭം ഖൈർനാറുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മംഗിലാലിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോർന്ന ചോദ്യപേപ്പർ കണ്ടെത്തിയതായും അന്വേഷണ ഏജൻസി വ്യക്തമാക്കി.
യഷ് യാദവിൽ നിന്നാണ് മംഗിലാൽ ചോദ്യപേപ്പർ കൈപ്പറ്റിയതെന്നും, ഇതിനായി ₹10 ലക്ഷം രൂപയുടെ ഇടപാട് നടന്നതായും സിബിഐ പറയുന്നു. തുടർന്ന് മംഗിലാൽ ബിവാൾ മറ്റ് പരീക്ഷാർഥികൾക്ക് ₹12 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ വിറ്റതായും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.
രാജസ്ഥാനിലെ സികാറിൽ കോച്ചിങ്ങിനിടെ വികാസ് ബിവാളും യഷ് യാദവും പരിചയപ്പെട്ടതോടെയാണ് ചോർച്ചാ ശൃംഖല രൂപപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ശുഭം ഖൈർനാർ മുഖേന യഷ് യാദവ്, വികാസ് ബിവാൾ, ദിനേശ് ബിവാൾ എന്നിവർക്ക് ചോദ്യപേപ്പർ കൈമാറിയതായും സിബിഐ ആരോപിക്കുന്നു.
അതേസമയം, കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കേസിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ 47 എൻടിഎ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.




