കോഴിക്കോട്: താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അടിവാരം സ്വദേശികളായ ഉമ്മുസൽവ, സാജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.











