മാസം വെറും പന്ത്രണ്ടായിരം രൂപ ശമ്പളം, പക്ഷേ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ! സൗഹൃദത്തിന്റെ പേരിൽ തുടങ്ങി, ഒന്നിച്ചിരുന്ന് ലഹരി നുണഞ്ഞ്, ഒടുവിൽ വൻകിട ലഹരി മാഫിയയുടെ പ്രധാന വിതരണക്കാരായി വളർന്നു പന്തലിച്ച ആ സുഹൃത്തുക്കളുടെ സാമ്രാജ്യമാണ് ഇപ്പോൾ പോലീസിന്റെ അന്വേഷണവലയിൽ കുടുങ്ങിയിരിക്കുന്നത്. ഇത് നിസാരമായൊരു അറസ്റ്റല്ല, അക്ഷര വെളിച്ചം പകരേണ്ട കൈകൾ MDMA എന്ന മാരക മയക്കുമരുന്നിന്റെ കച്ചവടക്കാരായി മാറിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് വടകരയിൽ നിന്നും പുറത്തുവരുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കം ആ നടുക്കം തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിനേയും മറികടക്കുന്ന ലഹരി വിപത്താണ് കേരളത്തിലുള്ളതെന്നും വടകരയിലെ ലഹരിക്കേസിൽ അറസ്റ്റിലായ അധ്യാപകർ കുട്ടികൾക്ക് ലഹരി നൽകിയോ എന്ന് ആശങ്കയുണ്ടെന്നും ചെന്നിത്തല പറയുന്നു.
കോഴിക്കോട് റൂറലിലും കണ്ണൂർ റേഞ്ചിലും അന്വേഷണത്തിന് നേതൃത്വം നൽകിയ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കെ. കാർത്തിക് ഐ.പി.എസ് എന്നിവരുടെ മികച്ച അന്വേഷണ മികവും ഏകോപനവുമാണ് ബംഗളൂരു വരെ പടർന്നുപന്തലിച്ച ഈ ലഹരി സാമ്രാജ്യത്തിന്റെ വേരുകൾ പിഴുതെറിയാൻ വഴിതുറന്നത്. മാതൃകയാവേണ്ട അധ്യാപികമാർ ലഹരിവലയിൽ കുരുങ്ങിയ വാർത്ത ഞെട്ടലോടെയാണ് സമൂഹം കേട്ടത്. നിലവിലെ പ്രാഥമിക നിഗമനമനുസരിച്ച് സ്കൂൾ വിദ്യാർത്ഥികളാരും ഇവരുടെ ലഹരിയിരകൾ ആയിട്ടില്ലെങ്കിലും, അധ്യാപകർ കുട്ടികൾക്ക് ലഹരി നൽകിയിട്ടുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
മൂന്ന് അധ്യാപികമാർ ഉൾപ്പെടെ അഞ്ചു പേർ ഇതിനകം അറസ്റ്റിലായ കേസിൽ കൂടുതൽ പേർ പിടിയിൽ ആകുമെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയാണ് അധ്യാപികമാരുടെ അക്കൗണ്ടുകളിൽ എത്തിയത്. പേരാമ്പ്ര ബി.ആർ.സി.ക്ക് കീഴിലെ സ്പെഷ്യൽ അധ്യാപികമാരായ മരുതോങ്കര സ്വദേശിനി കീർത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ, ആവള കുട്ടോത്ത് സ്വദേശിനി നീഷ്മ എന്നിവരും ഇവരുടെ ലഹരി ശൃംഖലയിലെ പ്രധാന കണ്ണികളായ ഡെലിവറി ബോയ് ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ്, വടകര സ്വദേശി റിസ്വാൻ എന്നിവരുമാണ് പോലീസിന്റെ പിടിയിലായത്.
ലഹരി ഉപയോഗത്തിൽ തുടങ്ങി വളരെ പെട്ടെന്നാണ് ഇവർ വൻകിട വിതരണക്കാരെന്ന നിലയിലേക്ക് വളർന്നത്. പിടിയിലായ അധ്യാപികമാർ സ്വയം എം.ഡി.എം.എ. ഉപയോഗിക്കുകയും പിന്നീട് ഇതിന്റെ വ വിൽപ്പനക്കാരെപ്പോലെ പ്രവർത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. വടകരയിൽ ഓട്ടോ ഡ്രൈവറായ സഫുവാൻ എന്നയാളെ രണ്ടര ഗ്രാം എം.ഡി.എം.എ.യുമായി ജൂൺ 28-ന് പോലീസ് പിടികൂടിയതാണ് എല്ലാത്തിന്റേയും തുടക്കം. ഇയാളെ നടത്തിയ ചോദ്യം ചെയ്യലിലാണ് നാടിനെയാകെ ഞെട്ടിച്ച അധ്യാപികമാരുടെ ലഹരി ശൃംഖലയുടെ ചുരുളഴിഞ്ഞത്. പരസ്പരം അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഈ അധ്യാപികമാർ ഒന്നിച്ചിരുന്നാണ് ലഹരി ഉപയോഗിച്ചിരുന്നത്. പിന്നീട് കൂടുതൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ മംഗളൂരു, ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരി റാക്കറ്റുകളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു.
വെറും 12000 രൂപ ശമ്പളമുള്ള അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർ വരെ അമ്പരന്നുപോയി. ചെറുതും വലുതുമായ ഒട്ടേറെ ഇടപാടുകളാണ് നടന്നതായി കണ്ടെത്തിയത്. ശമ്പളം അല്ലാതെ മറ്റു വരുമാനം ഇല്ലാത്ത അധ്യാപകരുടെ അക്കൗണ്ടുകളിലാണ് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നത്. ആരാണ്, എന്തിനാണ് ഈ തുകകൾ അയച്ചതെന്ന വിവരം പരിശോധിച്ചു വരികയാണ്. അധ്യാപികമാർ ഇടനിലക്കാർ ആണോ അതോ കുറ്റകൃത്യവുമായി നേരിട്ടു ബന്ധമുള്ളവർ ആണോ എന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇതിൽ പ്രധാന കണ്ണിയായ ഡെലിവറി ഏജന്റ് ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മാത്രം കഴിഞ്ഞ ആറു മാസത്തിനിടയിൽ ഒരു കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്.
സാമ്പത്തിക ലാഭത്തോടൊപ്പം ലഹരി നൽകിയ സുഖലോലുപതയും വിദേശയാത്രകളും ഇവരുടെ ജീവിതശൈലിയെത്തന്നെ പൂർണ്ണമായി മാറ്റിമറിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച്, പെൺകുട്ടികളെ അടക്കം ഇതിന്റെ പുതിയ കണ്ണികളാക്കാനുള്ള ഒരു വലിയ ഗൂഢപദ്ധതി തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. ഇവരുടെ നേതൃത്വത്തിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചെന്ന ആരോപണവും അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചും എ.ടി.എം. കാർഡുകൾ വഴിയും വിദേശ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകൾ സമാന്തരമായി അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച മുഴുവൻ പ്രതികളുടെയും സ്വത്തുക്കൾ എൻ.ഡി.പി.എസ്. (NDPS) നിയമപ്രകാരം കണ്ടുകെട്ടാനാണ് പോലീസിന്റെ നീക്കം.
മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള വൻകിട ലഹരി സംഘങ്ങളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. സമൂഹത്തിൽ ഏറെ മാന്യതയും ഉത്തരവാദിത്തവുമുള്ള അധ്യാപന രംഗത്തിരിക്കുന്നവർ തന്നെ മയക്കുമരുന്നിന്റെ ഉപഭോക്താക്കളും വിതരണക്കാരുമായി മാറിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് വീക്ഷിക്കുന്നത്. കൂടുതൽ പേർ ഈ ശൃംഖലയിൽ കണ്ണികളായിട്ടുണ്ടോയെന്നത് പോലീസ് ആഴത്തിൽ അന്വേഷിക്കുന്നുണ്ട്. കേസിൽ വൻ തോക്കുകൾ ഇനിയും പിടിയിലാകാനുണ്ടെന്നും, എത്ര ഉന്നതരായാലും അത്തരക്കാരെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കുമെന്നും ഡി.ഐ.ജി. വ്യക്തമാക്കുന്നു.
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും സ്പെഷ്യലിസ്റ്റ് അധ്യാപികയും കേസിൽ കസ്റ്റഡിയിലായതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പും കടുത്ത ജാഗ്രതയിലാണ്. സംഭവത്തിന്റെ ഭീകരത കണക്കിലെടുത്ത്, സംസ്ഥാനത്തെ മുഴുവൻ ബി.ആർ.സി.കളിലെയും സ്പെഷ്യലിസ്റ്റ് അധ്യാപകരുടെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെയും പ്രവർത്തനങ്ങൾ കർഷനമായി നിരീക്ഷിക്കാൻ സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടർ എല്ലാ ബി.ആർ.സി. കോ-ഓർഡിനേറ്റർമാർക്കും അടിയന്തര നിർദ്ദേശം നൽകി. സ്പെഷ്യൽ എഡ്യൂക്കേഷൻ, കായികം തുടങ്ങി എല്ലാ തലങ്ങളിലുമുള്ള സ്പെഷ്യൽ അധ്യാപകരുടെയും ദൈനംദിന പ്രവർത്തനങ്ങൾ ഇനിമുതൽ കണിശമായ നിരീക്ഷണത്തിലായിരിക്കും.
ബി.ആർ.സി. കോ-ഓർഡിനേറ്റർമാർ അടിയന്തരമായി അധ്യാപകരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിശദീകരിക്കണം. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരിൽ നിന്നോ മറ്റോ എന്തെങ്കിലും സംശയകരമായ വിവരങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ പോലീസിനെയും സംസ്ഥാന ഓഫീസിനെയും വിവരമറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഓട്ടിസം സെന്ററുകളിലും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന വീടുകളിലും സ്കൂളുകളിലും ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ നേരിട്ട് സന്ദർശനം നടത്തണം. അധ്യാപകരുടെ പെരുമാറ്റവും പ്രവർത്തനങ്ങളും കൃത്യമായി വിലയിരുത്തി ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർക്ക് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളുമായി അടുത്ത ബന്ധം പുലർത്തുന്ന അധ്യാപകരിൽ നിന്ന് ഇത്തരം അനഭിലഷണീയമായ പ്രവണതകൾ ഉണ്ടാകുന്നത് വെച്ചുപൊറുപ്പിക്കാനാകില്ലെന്ന കർശന നിലപാടിലാണ് അധികൃതർ.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് 180 ദിവസം വരെ ലഭിക്കാറുണ്ട്. സാമ്പത്തിക ഇടപാടുകൾ വിലയിരുത്തുന്നതിന് കൂടുതൽ സമയം വേണ്ടിവരും എന്നതിനാലാണ് ഇത്. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. ഇവരെല്ലാം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ മൊബൈൽ ഫോണുകൾ, വാട്സ്ആപ്പ് ചാറ്റുകൾ, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
എപ്പോഴും ഒന്നിച്ച് മാത്രം നടക്കുന്ന ചങ്കുകൾ. ഒന്നിച്ച് ലഹരി നുണഞ്ഞ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിച്ച അവർ ഇപ്പോൾ ജയിൽ അറകളുടെ അഴിക്കുള്ളിലാണ്. വരും ദിവസങ്ങളിൽ തൂഫാനിൽ ഇനിയും പലരും കുടുങ്ങും. താത്കാലിക ലാഭത്തിനും ആഡംബര ജീവിതത്തിനും വേണ്ടി ലഹരി മാഫിയയുടെ ഇടനിലക്കാരായി മാറിയ ഈ അധ്യാപികമാരുടെ കഥ, വഴിതെറ്റിപ്പോകുന്ന യുവതലമുറയ്ക്കുള്ള വലിയൊരു മുന്നറിയിപ്പാണ്. എത്രയൊക്കെ സ്മാർട്ടാണെന്ന് സ്വയം വിശ്വസിച്ചാലും ലഹരിയുടെ വഴിയേ പോയാൽ എന്നെങ്കിലും ഒരിക്കൽ നിയമത്തിന് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്നും അതോടെ അതുവരെ കെട്ടിപ്പൊക്കിയ ജീവിതം ഒറ്റയടിക്ക് തകർന്ന് വീഴുമെന്നുമുള്ള മുന്നറിയിപ്പ്.




