തൃശ്ശൂർ: തൃശ്ശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് സോഷ്യൽ സയൻസ് അധ്യാപകൻ മണികണ്ഠൻ മർദ്ദിച്ചതെന്നാണ് ആരോപണം. താഴെ വീണ പേനയുടെ ക്യാപ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തിനോക്കിയതിനാണ് അധ്യാപകൻ കുട്ടിയെ തല്ലിയതെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ പറഞ്ഞു. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്.
വിദ്യാർത്ഥികളെ അധ്യാപകൻ പതിവായി മർദ്ദിക്കാറുണ്ടെന്നാണ് മറ്റ് കുട്ടികളുടെ ആരോപണം. സംഭവത്തിൽ അധ്യാപകനെതിരെ പരാതി ഉയർന്നതോടെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാകുകയാണ്. വരവൂർ സ്വദേശിയായ മണികണ്ഠൻ ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.




