തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങളിൽ വീണ്ടും അന്വേഷണം. ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ നടത്തിയതടക്കം അഞ്ച് ഇടപാടുകളിൽ അഴിമതി നടന്നെന്ന പരാതിയിലാണ് പുതിയ അന്വേഷണ നീക്കം.
എഡിജിപി എം. ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ എസ്. ശ്രീജിത്ത് ഡിജിപി റാങ്കിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നടപടി. നേരത്തെ ഈ പരാതികളിൽ എസ്. ശ്രീജിത്തിന് ക്ലീൻ ചിറ്റ് നൽകിയ നിലവിലെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിയിൽ ആഭ്യന്തര സെക്രട്ടറി മൂന്നാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
എസ്. ശ്രീജിത്തിനെതിരായ പരാതികളിൽ അനുമതിയില്ലാത്ത വിദേശയാത്രകൾ, യൂണിഫോമിൽ യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്, ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ നടത്തിയെന്നാരോപിക്കുന്ന ക്രമക്കേടുകൾ, ‘ലാസ്റ്റ് ബെഞ്ച്’ എന്ന പേരിൽ ആരംഭിച്ച ഗാനമേള ട്രൂപ്പിനായി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണം, ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം തുടങ്ങിയ വിഷയങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.
എഡിജിപി ആസ്ഥാനത്തെത്തി ഉണ്ണികൃഷ്ണൻ പോറ്റി എസ്. ശ്രീജിത്തിനെ ഷാൾ അണിയിക്കുന്ന ചിത്രം പുറത്തുവന്നതും നേരത്തെ വിവാദമായിരുന്നു.
ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ എടവന നൽകിയ പരാതികളായിരുന്നു കേസിന് ആധാരം.
പരാതിക്കാരനായ ദിപിൻ എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
പരാതിക്കാരനെയും എഡിജിപിയെയും ഒരുമിച്ചിരുത്തി നടത്തിയ സംയുക്ത ഹിയറിംഗ് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിക്കാരന് പ്രത്യേകം പറയാനുള്ള കാര്യങ്ങളും സമർപ്പിക്കാനുള്ള തെളിവുകളും ഉണ്ടാകാമെന്നും, അത്തരമൊരു അവസരം നിഷേധിച്ചത് നീതിപൂർവമായ നടപടിയല്ലെന്നും കോടതി വ്യക്തമാക്കി.
ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നിഷ്പക്ഷമായ പെരുമാറ്റവും പ്രതീക്ഷിക്കുന്നതായി നിരീക്ഷിച്ച കോടതി, ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്നും വിശ്വാസ്യത സംബന്ധിച്ച് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് റദ്ദാക്കിയത്.




