ഹൈദരാബാദ്: മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോർഫ് ചെയ്ത എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അരുണ്‍ ശ്രീനിവാസിനെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
വ്യവസായി എസ്. അരവിന്ദ് റെഡ്ഡിയും ബിജെപി നേതാവ് സായ് കിരണുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രചരിച്ച വീഡിയോ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഭാരതീയ ന്യായ സംഹിത , ഐടി നിയമ വ്യവസ്ഥകൾ എന്നിവയുടെ ലംഘനമാണെന്നും പൊലീസ് വ്യക്തമാക്കി.
വീഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. വീഡിയോ നിർമിച്ചവർ, അപ്‌ലോഡ് ചെയ്തവർ, പ്രചരിപ്പിച്ചവർ എന്നിവരുടെ പങ്ക് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, വ്യാജ പരസ്യങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളെക്കുറിച്ച് വിശദീകരണം നൽകാൻ മെറ്റ പ്രതിനിധികളെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.
അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ശേഖരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും അന്വേഷണസംഘം അറിയിച്ചു.




