ന്യൂഡൽഹി: പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാനോ ധാരണാപത്രത്തിൽ (എം.ഒ.യു.) ഒപ്പിടാതിരിക്കാനോ കഴിയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, അത്തരത്തിൽ പിന്മാറുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.
രാജ്യസഭയിൽ അബ്ദുൾ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. എം.ഒ.യുവിൽ ഒപ്പുവെച്ചെങ്കിലും പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ സംസ്ഥാനത്തിന് പദ്ധതിയുടെ ഭാഗമായി ഫണ്ട് അനുവദിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായ മറുപടിയാണ് കേന്ദ്രം നൽകിയിരിക്കുന്നത്. എം.ഒ.യു. ഒപ്പുവെച്ചതിനാൽ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മുൻ വിശദീകരണം. എന്നാൽ, കേന്ദ്രത്തിന്റെ മറുപടി പ്രകാരം പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവസരം സംസ്ഥാനങ്ങൾക്കുണ്ടെന്നാണ് വ്യക്തമാകുന്നത്.
അതേസമയം, പദ്ധതിക്ക് കീഴിൽ ഫണ്ട് ലഭിച്ച 35 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയും കേന്ദ്രം പുറത്തുവിട്ടു. ഈ പട്ടികയിൽ കേരളത്തിന്റെ പേരില്ല.
പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്ന സ്കൂളുകളിൽ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ ചട്ടക്കൂട് പിന്തുടരേണ്ടിവരുമെന്നും കേന്ദ്രം വ്യക്തമാക്കി. വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് കേന്ദ്രം നിർദേശിക്കുന്ന പാഠ്യഘടനയും വിദ്യാഭ്യാസ മാനദണ്ഡങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്നും അതിനനുസരിച്ചായിരിക്കും പഠനസാമഗ്രികളും പാഠപുസ്തകങ്ങളും തയ്യാറാക്കുകയെന്നും കേന്ദ്രം അറിയിച്ചു.




