ശിവമോഗ: കർണാടകയിലെ ശിവമൊഗ ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ശിവമൊഗ ജില്ലയിലെ കൊക്കാരേഗരുവിൽ രാത്രി രണ്ടരയോടെയാണ് ദുരന്തമുണ്ടായത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മല്ലികാർജുൻ, ഭാര്യ നാഗവേണി, മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.




