മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് കുദ്രിൻസ്കയ സ്ക്വയറിലെ ‘ബാൽസി റോസി’ എന്ന ഇറ്റാലിയൻ റസ്റ്റോറന്റിന് മുന്നിൽ സ്ഫോടനം നടന്നത്.
സ്ഫോടകവസ്തുക്കളുമായി റസ്റ്റോറന്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീയാണ് മരിച്ചവരിൽ ഒരാൾ. ഇവരെ തടയാൻ ശ്രമിച്ച സെക്യൂരിറ്റി ഗാർഡും റസ്റ്റോറന്റിലുണ്ടായിരുന്ന മറ്റൊരാളും സ്ഫോടനത്തിൽ മരിച്ചു.
സ്ഫോടനത്തിന് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചതായി റഷ്യൻ നാഷണൽ ആന്റി ടെററിസം കമ്മിറ്റി അറിയിച്ചു. സെക്യൂരിറ്റി ഗാർഡ് സ്ത്രീയെ തടഞ്ഞതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. ഒരു സ്വകാര്യ പരിപാടി നടക്കുന്നതിനാൽ സാധാരണ ആളുകൾക്ക് റസ്റ്റോറന്റിൽ പ്രവേശനം ഉണ്ടായിരുന്നില്ല. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും സുരക്ഷാ സേനയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടനം റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്നതടക്കം പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.




