മെക്സിക്കോ സിറ്റി: പെറുവിൽ ടൂറിസ്റ്റ് വിമാനം തകർന്നുവീണ് 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും അപകടത്തിൽ മരിച്ചു. നാസ്‌ക നഗരത്തിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയുള്ള പ്യൂബ്ലോ വീജോ പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്.
മരിച്ചവരിൽ ഏഴ് ഇറ്റലി സ്വദേശികളും ജർമ്മനിയിൽ നിന്നുള്ള രണ്ട് പേരും സ്പെയിനിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. പൈലറ്റ് അമേരിക്കോ സലാസർ കുല്ലാർ, സഹപൈലറ്റ് ഐറെങ്ക ഡെൽ കാർപിയോ എന്നിവരും അപകടത്തിൽ മരിച്ചു.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ പിസ്‌കോ നഗരത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. മിനിറ്റുകൾക്ക് ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഉച്ചയ്ക്ക് 1.20 ഓടെ വിമാനം തകർന്നുവീഴുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




