റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർക്കെതിരായ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 14,154 നിയമലംഘകരെ സുരക്ഷാസേന പിടികൂടിയതായി അധികൃതർ അറിയിച്ചു.
ജൂലൈ 23 മുതൽ 29 വരെയുള്ള കണക്കുകൾ പ്രകാരം പിടിയിലായവരിൽ 7,103 പേർ ഇഖാമ നിയമലംഘകരും, 3,654 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,397 പേർ തൊഴിൽ നിയമലംഘകരുമാണ്.
അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 1,418 പേരെ അതിർത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരിൽ 54 ശതമാനം പേർ യെമൻ സ്വദേശികളും 45 ശതമാനം പേർ ഇത്യോപ്യൻ സ്വദേശികളുമാണ്. ബാക്കി ഒരു ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
സൗദിയിൽ നിന്ന് അനധികൃതമായി പുറത്തേക്ക് കടക്കാൻ ശ്രമിച്ച 23 പേരെയും നിയമലംഘകർക്ക് താമസമോ യാത്രാസൗകര്യമോ ഒരുക്കി സഹായിച്ച 17 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ 30,700 പേർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 2,492 പേർ സ്ത്രീകളാണ്.
നാടുകടത്തൽ നടപടികളുടെ ഭാഗമായി 18,000 പേരുടെ യാത്രാരേഖകൾ തയ്യാറാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്. 5,424 പേരുടെ വിമാന ടിക്കറ്റ് നടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12,600 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തിയതായും അധികൃതർ അറിയിച്ചു.
നിയമലംഘകരെ രാജ്യത്ത് എത്തിക്കുകയോ താമസിപ്പിക്കുകയോ മറ്റ് സഹായങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുമെന്നും കുറ്റക്കാരുടെ വിവരങ്ങളും ചിത്രങ്ങളും പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.




