കോഴിക്കോട്: കോഴിക്കോട്ട് മഴയുടെ ശക്തി ഞായറാഴ്ച അൽപം കുറഞ്ഞെങ്കിലും വെള്ളപ്പൊക്കവും ദുരിതവും രണ്ടാം ദിവസവും തുടർന്നു. മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങൾ വീടുകൾ വിട്ട് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി.
മാവൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കടവ്, വളയന്നൂർ, തെങ്ങിലക്കടവ്, കച്ചേരികുന്ന് എന്നിവിടങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ വീടുകളിൽ വെള്ളം കയറി. വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം, കോട്ടോൽ താഴം, വിരുപ്പിൽ, ഇഷ്ടിക ബസാർ, പാഴൂർ മേഖലകളിലും നിരവധി വീടുകളിൽ വെള്ളം കയറി. സങ്കേതത്ത് ഒറ്റപ്പെട്ട കുടുംബങ്ങളെ മാവൂർ ഫയർ ആൻഡ് റെസ്ക്യൂ സംഘം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
പെരുവയൽ പഞ്ചായത്തിലെ പള്ളിക്കടവ്, കായലം മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലായി അംഗൻവാടികൾ, സാംസ്‌കാരിക നിലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
ചാലിയാർ, ഇരുവഞ്ഞി, ചെറുപുഴ എന്നിവ കരകവിഞ്ഞതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറുമെന്ന ആശങ്ക നിലനിൽക്കുകയാണ്. പ്രധാന റോഡുകൾ ഉൾപ്പെടെ നിരവധി വഴികൾ വെള്ളത്തിനടിയിലായതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാവൂർ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കുറ്റിക്കാട്ടൂരിൽ ശനിയാഴ്ച രാത്രി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ മരത്തിൽ പിടിച്ചുകയറി രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ഓട്ടോറിക്ഷ നാട്ടുകാർ കയർ ഉപയോഗിച്ച് കെട്ടിയിട്ട് ഞായറാഴ്ച രാവിലെ കരയ്‌ക്കുകയറ്റി.
മാവൂരിലെ തെങ്ങിലക്കടവിൽ ചെറുപുഴ കരകവിഞ്ഞതോടെ ശക്തമായ കുത്തൊഴുക്ക് രൂപപ്പെട്ടു. പ്രദേശത്തെ നിരവധി അതിഥിത്തൊഴിലാളികളടക്കം താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ബാലുശ്ശേരി ഉണ്ണികുളത്ത് കനത്ത മഴയിൽ ശശി പൂളയുള്ളതിലിന്റെ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. താമരശ്ശേരി വാടിക്കൽ ഓണിപ്പൊയിലിൽ ഒ.പി. ചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണർ കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്നു.
അതേസമയം, കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 756.64 മീറ്ററിലെത്തിയതിനെ തുടർന്ന് ഡാമിൽ നിന്ന് അധികജലം ഒഴുക്കിവിടാൻ സാധ്യത കണക്കിലെടുത്ത് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പൂനൂർ പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




