കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത പേമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും കണ്ണൂരിലും വയനാട്ടിലുമെല്ലാം തീരാനഷ്ടങ്ങളാണ് ഈ രണ്ട് ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഒരുവേള 2018ന് സമാനമായൊരു ദുരന്തത്തെ പോലെ മറ്റൊന്ന് മലയാളികൾ വീണ്ടും മുന്നിൽ കണ്ടു. എങ്കിലും ഇപ്പോൾ മഴയൊന്ന് ശമിച്ചതോടെ ചെറിയ ആശ്വാസത്തിലാണ് കേരളം. പക്ഷേ…. ആശ്വസിക്കാറായോ? ഇല്ലെന്നാണ് പുറത്ത് നിന്നുള്ള ചില വിവരങ്ങൾ നൽകുന്ന മുന്നറിയിപ്പ്. പക്ഷേ, ഒരു വ്യത്യാസമുണ്ട്, വരും നാളുകളിൽ മഴയായിരിക്കില്ല നമ്മളെ കഷ്ടപ്പെടുത്തുക, കൊടും ചൂടാണ് ലോകത്തെ കാത്തിരിക്കുന്നതത്രേ!
ലോകത്തെ ഞെട്ടിച്ചുകൊണ്ട് അതിവേഗം ശക്തിപ്രാപിക്കുന്ന എൽ നിനോ പ്രതിഭാസം വരും മാസങ്ങളിൽ ആഗോള കാലാവസ്ഥാഗതിയെ തന്നെ മാറ്റിമറിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോക കാലാവസ്ഥാ സംഘടനയായ WMO. ലോകമെമ്പാടും കടുത്ത ഉഷ്ണതരംഗങ്ങൾക്കും വരൾച്ചക്കും വെള്ളപ്പൊക്കത്തിനും ഈ പ്രതിഭാസം കാരണമായേക്കാമെന്നാണ് യു.എൻ കാലാവസ്ഥാ ഏജൻസിയുടെ പുതിയ വിലയിരുത്തൽ വ്യക്തമാക്കുന്നത്. ആഫ്രിക്കയിലും യൂറോപ്പിലും കാട്ടുതീ പടർന്നുപിടിക്കുന്നതിനിടയിലും, ദക്ഷിണേഷ്യയിൽ മൺസൂൺ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വിതക്കുന്ന പശ്ചാത്തലത്തിലുമാണ് ഈ നിർണായക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
രണ്ടു മുഖ്യ ശക്തികളാണ് കേരളത്തിന്റെ കാലാവസ്ഥയെ ഇക്കൊല്ലം സ്വാധീനിക്കുക. പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോളും. പസിഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തു രൂപപ്പെട്ട എൽനിനോ കേരളത്തിൽ പെയ്യേണ്ട മൺസൂൺ മഴയെ ബാധിച്ചു. ഇന്ത്യയിലെ മൺസൂൺ കാറ്റുകളെ ദുർബലപ്പെടുത്തി, മഴ കുറയാനും താപനില ഉയരാനും വരണ്ട കാലാവസ്ഥ നീണ്ടുനിൽക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നതാണ് എൽ നിനോ. ഐഒഡി അതിന്റെ സ്വാധീനം ഇതുവരെ കാര്യമായി പ്രതിഫലിപ്പിച്ചിട്ടില്ല, പക്ഷേ ഇനി വരില്ല എന്ന് പറയാനുമാവില്ല.
പസിഫിക് സമുദ്രത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലെ ഉപരിതലം സാധാരണയിലും കൂടുതൽ ചൂടുപിടിക്കുന്ന സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഇന്ത്യയിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണ് ഇത് രൂപംകൊള്ളുന്നതെങ്കിലും ലോകമെമ്പാടുമുള്ള കാലാവസ്ഥാ ക്രമത്തെ സ്വാധീനിക്കാൻ ഇതിനാകും.
എൽ നിനോ പലപ്പോഴും ഇന്ത്യയിൽ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിനെ ദുർബലമാക്കുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശരാശരിയിൽ കുറഞ്ഞ മഴയ്ക്ക് കാരണമാകുകയും ചെയ്യുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴാനും ഉയർന്ന താപനിലയും ഉഷ്ണതരംഗവും ഉണ്ടാകാനും കാർഷികോൽപാദനം കുറയാനും വൈദ്യുതി ഉപയോഗം വർധിക്കാനും ഇതു കാരണമാകും. അടുത്ത മാസങ്ങളിൽ എൽനിനോ ശക്തമാകുമെന്നാണു കരുതുന്നത്.
ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്തെന്ന് നോക്കാം.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനിലയിൽ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ. എൽനിനോയ്ക്കു സമാനമായി സമുദ്രത്തിലുണ്ടാകുന്ന പ്രതിഭാസം. സാധാരണയായി സമുദ്രത്തിന്റെ കിഴക്കൻ ഭാഗം, അതായത് ഓസ്ട്രേലിയയ്ക്കു സമീപം ചൂടാകുകയും ആഫ്രിക്കയുടെ കിഴക്കൻ തീരമായ പടിഞ്ഞാറൻ ഭാഗം തണുത്തിരിക്കുകയും ചെയ്യും. ഇതിനു വിപരീതമായി പടിഞ്ഞാറൻ ഭാഗം ചൂടുപിടിക്കുകയും കിഴക്കൻ ഭാഗം തണുത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് പോസിറ്റീവ് ഐഒഡി. ഇത് അടുത്ത മാസങ്ങളിൽ ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയുണ്ടായാൽ ഇന്ത്യയിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒന്ന് നോക്കൂ, മഴയാണോ ചൂടാണോ വരും മാസങ്ങളിൽ നമ്മെ കഷ്ടപ്പെടുത്താൻ പോകുന്നതെന്ന് പോലും കൃത്യമായി പ്രവചിക്കാനാകാത്ത അവസ്ഥ.
‘എൽ നിനോ നമ്മുടെ പടിവാതിൽക്കൽ മാത്രമല്ല, വീടിനുള്ളിൽ തന്നെയെത്തി ചൂട് കൂട്ടിക്കൊണ്ടിരിക്കുകയാണ്’ എന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ലോകത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇത് ഒരു തുടക്കം മാത്രമാണെന്നും, ഇതിനകം തന്നെ കത്തികൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയിലേക്ക് എൽ നിനോ കൂടുതൽ തീ പകരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ 2.9 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സമുദ്രജലത്തിലെ ഈ അസാധാരണ ചൂടുവർധനവ് കാലാവസ്ഥാ വ്യവസ്ഥകളെ തലതിരിച്ചുമറിക്കുകയും ആഗോള താപനിലയിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാവുകയും ചെയ്യും.
മനുഷ്യന്റെ ഇടപെടലുകൾ മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം എൽ നിനോയുടെ ആഘാതവും ഒന്നിച്ചുചേരുമ്പോൾ രാജ്യങ്ങൾ അടിയന്തരമായി കാലാവസ്ഥാ പ്രതിരോധ നടപടികൾ വേഗത്തിലാക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്ന പ്രധാന കാരണം ഫോസിൽ ഫ്യൂവലുകളുടെ അനിയന്ത്രിതമായ ഉപയോഗമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, പുതിയ കൽക്കരി, എണ്ണ, ഗ്യാസ് പദ്ധതികൾ ഉടൻ നിർത്തിവെക്കണമെന്നും ആഹ്വാനം ചെയ്തു.
ആഫ്രിക്ക,യൂറോപ്പ്, ഇന്ത്യ, കിഴക്കൻ ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെല്ലാം സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് ഡബ്ല്യു.എം.ഒ പ്രവചിക്കുന്നത്. എൽ നിനോ പ്രതിഭാസം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി മുൻകരുതൽ മുന്നറിയിപ്പുകൾ സർക്കാരുകളുടെയും മാനുഷിക ഏജൻസികളുടെയും കൃത്യമായ ഇടപെടലുകളായി മാറണമെന്ന് ഡബ്ല്യു.എം.ഒ സെക്രട്ടറി ജനറൽ സെലസ്റ്റ സാവു വ്യക്തമാക്കി. ഈ വർഷാവസാനത്തോടെ എൽ നിനോ അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ റെക്കോർഡ് തീവ്രത കൈവരിച്ചേക്കാമെന്ന് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകുമ്പോഴും, കമ്പ്യൂട്ടർ മോഡൽ പ്രവചനങ്ങളിൽ ഇപ്പോഴും ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്.
ഇനി, കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് നോക്കാം. നാലുമണിക്കൂർ അലറിപ്പെയ്ത കനത്തമഴയാണ് മധ്യകേരളത്തെ ദുരിത്തിലാഴ്ത്തിയത്. വെള്ളിയാഴ്ച രാത്രി 11-നും മൂന്നിനും ഇടയിൽ പമ്പയുടെ തീരങ്ങളിൽ ശരാശരി 300 മില്ലിമീറ്റർ മഴയും മീനച്ചലാറിന്റെ തീരത്ത് 220 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. ഇത്രയും കുറഞ്ഞസമയത്തിനുള്ളിൽ ശക്തമായ മഴപെയ്താൽ നദികൾക്ക് താങ്ങാനാവില്ല. ഗുജറാത്ത് തീരത്തുനിന്നുള്ള ന്യൂനമർദ്ദ പാത്തിയാണ് രണ്ടുദിവസത്തെ കനത്തമഴയ്ക്ക് കാരണമായത്. ഇതിന്റെ മുന്നറിയിപ്പ് നേരത്തേ നൽകിയിരുന്നു.
ജൂലായ് 31-ന് രാത്രി 10ന് കാലാവസ്ഥാവകുപ്പ് ഏഴ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നൽകിയത്. ഓറഞ്ച് മുന്നറിയിപ്പ് പ്രകാരം ശക്തമായ മഴയ്കുള്ള സാധ്യതയാണ് പറഞ്ഞിരുന്നത്, എന്നാൽ രാത്രി 10-ന് ശേഷം കാലാവസ്ഥ ആകെ മാറുന്നതാണ് കണ്ടത്. പ്രവചനം തെറ്റിച്ച് കുറഞ്ഞസമയത്തിനുള്ളിൽ അതിതീവ്ര മഴയാണുണ്ടായത്. ഒൻപതുജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രിയാണ് മഴ കൂടുതൽ ശക്തമാകുമെന്ന സൂചനയുണ്ടായത്. മറ്റ് മുന്നൊരുക്കങ്ങൾക്കൊന്നും സമയമുണ്ടായില്ല. ഇതോടെയാണ് സ്ഥിതി വഷളായത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ സ്ഥിതി ചുവപ്പിലേക്ക് പൊടുന്നനെ കയറിപ്പോയി. അതിതീവ്രമഴയാണ് ഇവിടെ ഉണ്ടായത്. കേരള തീരത്ത് മേഘരൂപവത്കരണം ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ പല ശാസ്ത്രജ്ഞരും കാലാവസ്ഥാ സൈറ്റുകളും നൽകിയിട്ടും ഈ പൊടുന്നനെയുള്ള മാറ്റം പ്രവചിക്കാൻ കഴിഞ്ഞില്ല.
സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. കൂടുതൽപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു. കോഴിക്കോട് ആനക്കാംപൊയിൽ മേഖലയിൽ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയിൽ 177 മില്ലിമീറ്റർ മഴപെയ്തു.
എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചെറിയൊരു സമയത്തിനുള്ളിൽ ഒരുസ്ഥലം കേന്ദ്രീകരിച്ച് കൂമ്പാരമേഘ രൂപവത്കരണവും മറ്റും ഉണ്ടായി അതിതീവ്രമഴ സംഭവിക്കാം. ഇത് ഏത് സമയവും നാം പ്രതീക്ഷിക്കണമെന്നാണ് ശാസ്ത്രസമൂഹം പറയുന്നത്. ഇത്തരം പൊടുന്നനെയുള്ള മാറ്റങ്ങളിൽ പ്രവചനം പറ്റില്ലെന്ന് അവർതന്നെ സമ്മതിക്കുന്നുമുണ്ട്. അതായത്, ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്നത് നേരത്തെ കൂട്ടി അറിയാനാകില്ല എന്നർത്ഥം. എന്തും നേരിടാൻ മലയാളിയടക്കം ലോകമെങ്ങും ഒരുങ്ങിയിരിക്കേണ്ടത് അത്യാവശ്യം.




