ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് കേന്ദ്ര ജിഎസ്ടി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ അഭിജീത് ദീപ്കെയുടെ പിതാവ് മകനെ വിദേശത്ത് പഠിപ്പിക്കാൻ ചെലവഴിച്ച പണത്തിന്റെ ഉറവിടം പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
സിജെപിക്ക് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമ സഹായ ഫണ്ടിനെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിജെപി അംഗീകൃത രാഷ്ട്രീയ പാർട്ടി അല്ലാത്തതിനാൽ ഫണ്ട് ശേഖരണം ജനപ്രാതിനിധ്യ നിയമപ്രകാരം പരിശോധിക്കണമെന്നാണ് ആവശ്യം.
രാഷ്ട്രീയ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഈ സംഘടന നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഫണ്ടിന് ആവശ്യമായ നികുതി ഈടാക്കുന്നുണ്ടോ എന്നും പരിശോധിക്കണമെന്ന് പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സിജെപി മാർച്ചിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് സിജെപി വീണ്ടും ആവശ്യപ്പെട്ടു. പൊലീസ് കുട്ടികളോടും സ്ത്രീകളോടും ഉൾപ്പെടെ അതിക്രമം നടത്തിയെന്ന ആരോപണവും അഭിജീത് ദീപ്കെ ഉന്നയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




