തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയാണ് കേരളം. കുറേ കാലമായി തെരുവിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവരും നായ്ക്കൾ കാരണം ദുരിതം അനുഭവിക്കുന്നവരും തമ്മിൽ നടക്കുന്ന തർക്കങ്ങൾക്ക് ഒരു പരിഹാരമാവുകയാണ്. ഇനി തോന്നുന്ന പോലെ നായ്ക്കൾക്ക് ഭക്ഷണം നൽകാനാകില്ല. തെരുവു നായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന് കേന്ദ്രത്തിന്റെ നിയമപിന്തുണയമുണ്ട്.
തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറും വരും. പൊതുസ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കാനും സർക്കാർ നിർദേശിച്ചു. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനായി തദ്ദേശസ്ഥാപനത്തിന്റെ മുൻകൂർ അനുമതിയും ഔദ്യോഗിക തിരിച്ചറിയൽ കാർഡും നിർബന്ധമാക്കുന്ന മാർഗരേഖയും ഇറക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഇതുമായി ബന്ധപ്പെട്ട കരട് മാർഗ്ഗരേഖ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.
തദ്ദേശവകുപ്പിന്റെ നിർദേശം നടപ്പാക്കാൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തടസ്സപ്പെടുത്തിയാൽ പോലീസ് സഹായം തേടാം. നായകളുടെ എണ്ണത്തിന് ആനുപാതികമായി വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ ഭക്ഷണം നൽകാൻ വിലക്കില്ല. തദ്ദേശസ്ഥാപനങ്ങൾ ഇതിനുള്ളസ്ഥലം കണ്ടെത്തണം. സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാൻ സ്കൂൾ പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ, സ്റ്റേഷൻമാസ്റ്റർമാർ തുടങ്ങിയവയുടെ മേധാവികൾക്ക് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകും. സഹകരിച്ചില്ലെങ്കിൽ ഭരണപരവും നിയമപരവുമായ നടപടിയെടുക്കും.
പുതിയ കരട് മാർഗ്ഗരേഖ പ്രകാരം, തെരുവുനായകൾക്ക് ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, മൃഗസ്നേഹികൾ, മൃഗക്ഷേമ സംഘടനകൾ എന്നിവർ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകണം. ഈ അപേക്ഷ ആനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ പ്രകാരമുള്ള ഏഴംഗ സമിതി അപേക്ഷകൾ പരിശോധിക്കും. അപേക്ഷ പരിശോധിച്ചശേഷം നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലം അനുവദിക്കുകയോ അല്ലെങ്കിൽ പകരം സ്ഥലം നിർദേശിക്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യാം.
മറ്റു നിർദേശങ്ങൾ എന്തെല്ലാമെന്ന് നോക്കാം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ, ജനം ഒത്തുകൂടുന്ന പൊതുവിടങ്ങൾ എന്നിവിടങ്ങളിലെ നായകളെ അടിയന്തരമായി പിടികൂടണം. ഇവയ്ക്ക് സമീപം ഭക്ഷണം നൽകാൻ അനുവദിക്കില്ല. ആളുകളുടെ സഞ്ചാരം കുറവുള്ള പ്രദേശങ്ങളെയാണ് ഭക്ഷണം നൽകാനായി പരിഗണിക്കുക.
ഭക്ഷണം നൽകാൻ അനുമതി ലഭിക്കുന്നവർക്ക് കെയർഗിവർ ഐഡി കാർഡ് നൽകും. ഇവർക്ക് രാവിലെ 5 മുതൽ 6 വരെയും രാത്രി 10 മുതൽ 11 വരെയും നിശ്ചയിച്ച കേന്ദ്രങ്ങളിൽ മാത്രം തെരുവുനായകൾക്ക് ഭക്ഷണം നൽകാം.
നായകളെ വന്ധ്യംകരിച്ച് വിരമരുന്നു നൽകിയും പ്രതിരോധ കുത്തിവെപ്പെടുത്തും പിടികൂടിയ സ്ഥലത്തു വിടണം. പേ വിഷബാധയുള്ളവയെയും അക്രമണസ്വഭാവമുള്ളവയെയും ഷെൽട്ടറിൽ പാർപ്പിക്കും. കൂടുതൽ എ.ബി.സി. കേന്ദ്രങ്ങളും തുടങ്ങും.
ദത്തുനൽകുന്ന നായകൾക്ക് ടാഗ് പതിപ്പിക്കും.
സംസ്ഥാന -ദേശീയപാതകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന നായകളെയും മറ്റു മൃഗങ്ങളെയും നീക്കാൻ ദേശീയപാത, സംസ്ഥാന അതോറിറ്റികൾ തുടങ്ങിയവയുമായി തദ്ദേശസ്ഥാപനങ്ങൾ കൈകോർക്കും. പോലീസ്, വെറ്ററിനറി ഓഫീസർമാർ എന്നിവരുമായി തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനം ഏകോപിപ്പിക്കണം.
തദ്ദേശസ്ഥാപന പരിധിയിലെ സർക്കാർ -സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കായികസമുച്ചയങ്ങൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയയിടങ്ങളിൽ നോഡൽ ഓഫീസർമാർ. ഓഫീസറുടെ പേരുവിവരം സ്ഥാപനത്തിന്റെ കവാടത്തിലും തദ്ദേശസ്ഥാപനത്തിലും പ്രസിദ്ധപ്പെടുത്തും.
മാലിന്യസംസ്കരണം മെച്ചപ്പെട്ടതോടെ തെരുവുനായകൾക്ക് ലഭിച്ചിരുന്ന ഭക്ഷണസ്രോതസ്സുകൾ കുറഞ്ഞു. വിശപ്പ് കാരണമാകാം നായകൾ ആക്രമണ സ്വഭാവത്തിലേക്ക് മാറുന്നത് എന്ന വിലയിരുത്തലാണ് ഈ നിർദേശങ്ങൾക്ക് പിന്നിലെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.
തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് തടയുകയല്ല ലക്ഷ്യമെന്നും, പൊതുസുരക്ഷയും മൃഗക്ഷേമവും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിൽ അതിനെ ക്രമീകരിക്കുകയാണെന്നും വകുപ്പ് വ്യക്തമാക്കി. പുതിയ സംവിധാനം നിലവിൽ വന്നാൽ ഭക്ഷണം നൽകുന്നവരും പ്രദേശവാസികളും തമ്മിലുള്ള തർക്കങ്ങൾ കുറയുമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിക്കഴിഞ്ഞു. പെട്ടെന്നുള്ള നിയന്ത്രണത്തിന് ഇതല്ലാതെ മറ്റൊരു മാർഗം കേരളത്തിന് മുന്നിലുണ്ടായിരുന്നില്ല. വർഷങ്ങളായി സംസ്ഥാനത്തെ ഏറ്റവും വലിയ തലവേദനകളിലൊന്നായിരുന്നു തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ. ഇങ്ങനെയെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.




