പഞ്ചാബ്: ഫാസിൽക ജില്ലയിൽ വിവാഹമോചിതയായ 42കാരിയെ മുൻഭർത്താവ് കൊലപ്പെടുത്തിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷമാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും ചേർന്ന് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ശ്രദ്ധേയമായി.
വിവാഹമോചനത്തിന് ശേഷം സരോജ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ബന്ധം പുനഃസ്ഥാപിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് മുൻഭർത്താവ് ഗുർമീത് സിങ്ങിനെ കാണാൻ അവർ എത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചേർന്ന് ഒരു ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച് അത് ഉടൻ തന്നെ അപ്‌ലോഡ് ചെയ്തിരുന്നു. പ്രണയഗാനം പശ്ചാത്തലമാക്കിയ വീഡിയോയിൽ ഇരുവരും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്നതും ഗുർമീത് വിജയചിഹ്നം കാണിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
റീൽ ചിത്രീകരിച്ചതിന് പിന്നാലെ സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതി കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്തുവച്ച് മരിക്കുകയും തുടർന്ന് മൃതദേഹം സമീപത്തെ വയലിൽ കുഴിച്ചുമൂടാൻ പ്രതി ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.
സ്ത്രീയുടെ നിലവിളി കേട്ട സമീപത്തുണ്ടായിരുന്ന ആട്ടിൻകൂട്ടം മേയിച്ചയാളാണ് ഗ്രാമവാസികളെ വിവരം അറിയിച്ചത്. നാട്ടുകാർ സ്ഥലത്തെത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഗുർമീത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും, പ്രതിയുടെ ഉദ്ദേശ്യവും കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകത്തിന് ഏതാനും നിമിഷങ്ങൾ മുമ്പ് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീൽ ഇരുവരുടെയും അവസാന ദൃശ്യമായി മാറിയ സംഭവം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.




