മൂവാറ്റുപുഴ: ആറുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് 58 വർഷം വീതം കഠിന തടവും പിഴയും. മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീറാണ് പ്രതികളായ കെ. സമൽ (32), സൂര്യദേവ് (27) എന്നിവർക്ക് ശിക്ഷ വിധിച്ചത്. ഇരുവർക്കും 3.75 ലക്ഷം രൂപ വീതം പിഴയും കോടതി ചുമത്തി. പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ വീതം കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
2019 ഡിസംബർ 16ന് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ബന്ധുവിന്റെ വീട്ടിൽ താമസിച്ചിരുന്ന പ്രതികൾ ആറുവയസുകാരിയെ തുടർച്ചയായി ഉപദ്രവിച്ചതായാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. പോക്സോ കേസിൽ ശക്തമായ ശിക്ഷയാണ് കോടതി വിധിച്ചത്.




