തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും ഇന്നും മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. എന്നാൽ തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ ക്യാമ്പുകളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
ആറന്മുളയേക്കാൾ തിരുവല്ലയിലാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതെന്നും വെള്ളം കയറിയതിനെ തുടർന്ന് ചില ദുരിതാശ്വാസ ക്യാമ്പുകൾ മാറ്റേണ്ട സാഹചര്യമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളിൽ ഉടൻ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കുമെന്നും, വെള്ളം കയറിയ വീടുകൾ ശുചീകരിക്കുന്നതിനായി ഒരു വാർഡിന് 25,000 രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ അധിക സഹായം നൽകാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് ആറുമുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പെന്നും, ജൂലൈ 31-ന് ഉണ്ടായതിന് സമാനമായ സാഹചര്യം ആവർത്തിക്കാമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും പി.സി. വിഷ്ണുനാഥ് അറിയിച്ചു.
കൊല്ലത്ത് ദുരന്തബാധിത മേഖലകളിൽ മത്സ്യത്തൊഴിലാളികൾ രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയതായും മന്ത്രി പറഞ്ഞു. പുലർച്ചെ മൂന്നരയോടെ 14 മത്സ്യബന്ധന യാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിരുന്നു. സർക്കാർ അഭ്യർത്ഥന നൽകി ഒരു മണിക്കൂറിനകം മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് തയ്യാറായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പത്തനംതിട്ടയിലെ മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴഞ്ചേരി റസ്റ്റ് ഹൗസിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ, റൂറൽ എസ്.പി., ഡി.എം.ഒ., ജില്ലാ കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി പി.സി. വിഷ്ണുനാഥും യോഗത്തിൽ പങ്കെടുക്കും.




