മലപ്പുറം: സ്വന്തം വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലെത്തി പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് പെട്രോളുമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി വീട്ടിലേക്കുള്ള വഴി ശരിയാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ നിരന്തരം പരാതി നൽകിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ വഴി ഉൾപ്പെടുന്ന ഭൂമി പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണമെന്ന് കുടുംബം ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് കുടുംബം കടുത്ത നടപടിയുമായി എത്തിയതെന്നും പറയുന്നു.
സംഭവം അറിഞ്ഞതിനെ തുടർന്ന് വാഴക്കാട് പൊലീസ് സ്ഥലത്തെത്തി കുടുംബവുമായി ചർച്ച നടത്തി. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് കുടുംബം പ്രതിഷേധം അവസാനിപ്പിച്ചത്.




