മലപ്പുറം: പാണക്കാട് ഏടായിപ്പാലത്ത് ഉണ്ടായ മണ്ണിടിച്ചിലിന് ദിവസങ്ങൾ മുമ്പ് സമീപപ്രദേശത്ത് അനധികൃതമായി ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് നടന്നതായി വിവരം. മണ്ണിടിച്ചിൽ നടന്ന സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള പെട്രോൾ പമ്പ് നിർമാണ മേഖലയിലായിരുന്നു പാറ പൊട്ടിക്കൽ നടന്നത്.
ഉഗ്രശബ്ദത്തോടെ നടത്തിയ പാറപൊട്ടിക്കൽ മൂലം സമീപത്തെ വീടുകളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ക്വാറികളിൽ ഉപയോഗിക്കുന്ന രീതിയിലായിരുന്നു സ്‌ഫോടനം നടന്നതെന്നും അവർ ആരോപിക്കുന്നു. ജനവാസ മേഖലയിലെ ഇത്തരത്തിലുള്ള ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് നിയമവിരുദ്ധമാണെന്നിരിക്കെയാണ് സംഭവം നടന്നതെന്നും വിമർശനം ഉയരുന്നു.
ബ്ലാസ്റ്റിങ് അധികൃതരുടെ അറിവോടെയോ അനുമതിയോടെയോ നടത്തിയതാണോയെന്ന ചോദ്യവും ശക്തമാണ്. പാറപൊട്ടിക്കലിന് പിന്നാലെയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി പ്രകടമായതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ബ്ലാസ്റ്റിങ്ങിനും മണ്ണിടിച്ചിലിനും തമ്മിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്തണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.
സംഭവസ്ഥലത്തിന് സമീപം പാറയുടെ വലിയ ഭാഗം തുരന്നെടുത്ത നിലയിലാണുള്ളത്. പൊട്ടിച്ചെടുത്ത പാറയും ഉപയോഗിച്ച യന്ത്രങ്ങളും ഇപ്പോഴും പ്രദേശത്തുണ്ടെന്നാണ് വിവരം. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് ബ്ലാസ്റ്റിങ് പ്രവർത്തനങ്ങൾ നിർത്തിവെച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
2018-ൽ പാണക്കാട് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 13 ഏക്കർ ഭൂമി സ്വകാര്യ വ്യക്തിക്ക് വിറ്റതായും പിന്നീട് പ്ലോട്ടുകളാക്കി കൈമാറ്റം നടത്തിയതായും വിവരമുണ്ട്. ഇതിൽ നിന്നുള്ള ഭൂമിയിലാണ് ഇപ്പോൾ മണ്ണിടിച്ചിലും നിർമാണ പ്രവർത്തനങ്ങളും നടന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം–പാണക്കാട് റോഡിൽ രണ്ട് ഘട്ടങ്ങളിലായി മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ 8.46-ന് ആദ്യ മണ്ണിടിച്ചിലും തുടർന്ന് 9.28-ന് വലിയ മണ്ണിടിച്ചിലും രേഖപ്പെടുത്തി. ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടോയെന്നത് ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷിച്ച് സ്ഥിരീകരിക്കേണ്ടതുണ്ട്. സംഭവത്തിൽ അധികൃതരുടെ പങ്കും അനുമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും പരിശോധിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുന്നോട്ടുവയ്ക്കുന്നത്.




