മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപിച്ചതോടെ വീണ്ടും മലയാളിയുടെ നെഞ്ചിടിപ്പേറിയിരിക്കുകയാണ്. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിലാണ് കേരളത്തെ ആശങ്കയിലാക്കുന്ന പ്രഖ്യാപനം ധനമന്ത്രി എൻ മാരി വിൽസൺ നടത്തിയത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ ഉത്തരവുകൾ, കോടതി വിധികൾ എന്നിവ മുൻനിർത്തി ജലനിരപ്പ് ഉയർത്തുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കേരളത്തിന്റെ ആശങ്ക കൂട്ടുന്ന പ്രഖ്യാപനം. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം.
സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്നും അയൽസംസ്ഥാനങ്ങളുമായുള്ള നദീജല തർക്കങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കുന്നു. കർണാടകയുടെ മേഘദാതു പദ്ധതിയെ ശക്തമായി എതിർക്കുന്നതിനൊപ്പം, കേരളവുമായുള്ള മുല്ലപ്പെരിയാർ വിഷയത്തിലും കടുത്ത നിലപാട് തുടരാനാണ് പുതിയ സർക്കാരിന്റെ നീക്കം. അണക്കെട്ട് കൂടുതൽ ബലപ്പെടുത്തിയ ശേഷം ഇത് 152 അടിയാക്കി ഉയർത്താൻ ശ്രമിക്കുമെന്നും മുൻപ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും സൂചനയുണ്ടായിരുന്നു. വിഷയത്തിൽ കേരള സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ, കമ്പം, തേനി പോലുള്ള അതിർത്തി പ്രദേശങ്ങളിൽ ടിവികെ വോട്ട് പിടിച്ചത് തന്നെ മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയമായി ഉപയോഗിച്ചിട്ട് തന്നെയാണ്. അതിനാൽ കേരളത്തിന് പ്രതീക്ഷയേകുന്ന തരത്തിലുള്ള എന്തെങ്കിലും നീക്കം ടിവികെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ ഉണ്ടാകും എന്ന് കരുതാനും വയ്യ. കാവേരി വിഷയത്തിൽ കർണാടകയുമായും കൊമ്പുകോർക്കാൻ തന്നെയാണ് വിജയ് സർക്കാരിന്റെ തീരുമാനം. അങ്ങനെ നോക്കിയാൽ വരും നാളുകളിൽ രണ്ട് അയൽ സംസ്ഥാനങ്ങളുമായും തമിഴ്നാട് തർക്കസമാന സാഹചര്യത്തിൽ മുന്നോട്ട് പോകേണ്ടി വരുമെന്നുറപ്പ്.
തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം കേരളത്തിന്റെ ആശങ്കവർദ്ധിപ്പിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ സുരക്ഷ ചൂണ്ടിക്കാട്ടി ജലനിരപ്പ് ഉയർത്തുന്നതിനെ തുടക്കം മുതൽ എതിർത്തിരുന്ന കേരളത്തിന് ഇത് തിരിച്ചടിയാകും. പഴക്കമേറിയ അണക്കെട്ടായതിനാൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന നിലപാടിലാണ് സംസ്ഥാനം. എന്നാൽ അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ ബലപ്പെടുത്തൽ പൂർത്തിയാക്കിയ ശേഷമാണ് ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുന്നതെന്നുമാണ് തമിഴ്നാടിന്റെ വാദം.
ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കർഷക ക്ഷേമത്തിനുമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതിന് പുറമെ ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ നടപ്പിലാക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കും സിനിമയിലെ നായക പരിവേഷത്തിനും വേണ്ടി അയൽസംസ്ഥാനങ്ങളുടെ സുരക്ഷയും ആശങ്കകളും അവഗണിച്ച് മാസ് കാണിക്കാൻ മുതിരുന്നത് ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ വലിയ ആപത്തും നയതന്ത്ര വിള്ളലും വിളിച്ചുവരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സെക്കൻഡിൽ 256 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് നിലവിൽ വൈഗൈ ഡാമിലേക്ക് കൊണ്ടുപോകുന്നത്.
കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ തള്ളി തമിഴ്‌നാട് ഏകപക്ഷീയമായി മുന്നോട്ടുപോകുന്നത് അണക്കെട്ടിന് താഴെ കഴിയുന്ന ആയിരക്കണക്കിന് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് പുതിയ സർക്കാർ പിന്തിരിയണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. അതേസമയം, ഗോദാവരി-കാവേരി നദീബന്ധന പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ മാത്രമായിരിക്കും മുൻനിർത്തുകയെന്നും സർക്കാർ പ്രഖ്യാപിച്ചു. പുതിയ സർക്കാരിന്റെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതികരണങ്ങൾ വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ട്.
കാലങ്ങളേറെയായി കേരളത്തിന്റെ നെഞ്ചിലെ തീയാണ് മുല്ലപ്പെരിയാർ. എല്ലാ കൊല്ലവും മഴക്കാലത്ത് ഈ വിഷയം ഉയർന്നു വരുകയും ഡാം ഡീകമ്മിഷൻ ചെയ്യുക എന്ന തരത്തിൽ ക്യാമ്പയിനുകൾ സജീവമാകുകയും ചെയ്യാറുണ്ട്. ഇത്തവണ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനമെങ്ങും പെയ്ത പെരുമഴയിൽ ആദ്യ ദിവസങ്ങളിൽ അധികം നിറയാതിരുന്ന മുല്ലപ്പെരിയാറിൽ പക്ഷേ ഇപ്പോൾ 120 അടിയോളമാണ് ജലനിരപ്പ്. പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് സെക്കൻഡിൽ 3,000 ഘനയടിയിലധികം വെള്ളമാണ് നിലവിൽ കാച്ച്മെൻ്റ് ഏരിയകളിൽ നിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകുകയും ജലനിരപ്പ് കൂടുതൽ ഉയരുകയും ചെയ്താൽ വിഷയം വീണ്ടും സജീവമാകും. ബജറ്റിലെ ഈ കടുത്ത പ്രഖ്യാപനത്തോടെ, ഈ വർഷം ഇതുവരെ കാര്യമായി തലപൊക്കാതിരുന്ന മുല്ലപ്പെരിയാർ വിഷയം വീണ്ടും കത്താനും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള നിയമപരവും രാഷ്ട്രീയവുമായ തർക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ പ്രതികരണം എന്തായിരിക്കുമെന്നത് ശ്രദ്ധേയമാണ്.
തമിഴ്‌നാടിൻ്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ചത്. മുല്ലപ്പെരിയാറും കാവേരിയും മാറ്റിനിർത്തിയാൽ, വിപ്ലവകരമായ മറ്റനേകം പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായിട്ടുണ്ട്. 2031-ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെയുള്ള നിർണായക പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിൽ തത്വധിഷ്ഠിതവും സുതാര്യവുമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ധനമന്ത്രി തൻ്റെ ബജറ്റ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് വൻ തുകയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനായി 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും നീക്കിവെച്ചു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കാൻ 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷവും ഡിജിറ്റൽ സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. 10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ‘സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്’ പദ്ധതിക്കായി 139 കോടി രൂപ അനുവദിച്ചു. കൂടാതെ കോളേജ് വിദ്യാർത്ഥികൾക്കായി ലാപ്ടോപ്പുകൾ നൽകുന്ന ‘വെട്രി ലാപ്ടോപ്പ് പദ്ധതി’യും സൗജന്യ താമസവും പഠനവും നൽകുന്ന പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.




