കണ്ണൂർ: അർജുൻ ആയങ്കിക്കൊപ്പം നിൽക്കുന്ന തരത്തിലുള്ള വ്യാജചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി ആരംഭിച്ച് സിപിഎം നേതാവ് പി. ജയരാജൻ. ഗുണ്ടാനേതാവായ അർജുൻ ആയങ്കിയുടെ തോളിൽ കൈയിട്ട് നിൽക്കുന്ന തരത്തിലുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പി. ജയരാജൻ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.
27 വർഷം മുൻപ് ആർഎസ്എസ് പ്രവർത്തകർ വെട്ടിയരിഞ്ഞ തന്റെ ഇടതുകൈയിലെ പെരുവിരൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വീണ്ടും ചേർത്തുവച്ചിരിക്കുന്ന തരത്തിലാണ് വ്യാജചിത്രം നിർമിച്ചിരിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു.
വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജയരാജൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.




