പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഉന്നതരുടെ പങ്കും അന്വേഷിക്കാൻ എസ്‌ഐടി. നെയ്യ് വിതരണത്തിനായുള്ള ടെൻഡർ അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
സ്വർണക്കൊള്ള കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന. ടെൻഡർ നടപടികളിൽ ക്രമക്കേട് നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ.
നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതിചേർക്കാനും എസ്‌ഐടി നീക്കം നടത്തുന്നുണ്ട്. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർ ഇടപാടിൽ പങ്കാളികളായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പമ്പയിലെ ബോർഡ് ജീവനക്കാർക്കും സ്റ്റോർ സൂപ്രണ്ടിനും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയ്ക്ക് പുറമേ മറ്റ് ക്ഷേത്രങ്ങളിലേക്കും ക്രമക്കേടുമായി ബന്ധപ്പെട്ട നെയ്യ് വിതരണം ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നുവെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക വിലയിരുത്തൽ. 2025ലെ മകരവിളക്ക് കാലയളവിൽ പുറത്തുനിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്. ഇതിനായി നടത്തിയ ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു.
ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി മിൽമയ്ക്ക് നേരിട്ട് കരാർ നൽകുകയായിരുന്നു. സാധാരണ നെയ്യ് ഉപയോഗിക്കുമ്പോൾ ഒരു കൂട്ടം അരവണ തയ്യാറാക്കാൻ ഏകദേശം 10 ലിറ്റർ നെയ്യ് ആവശ്യമായി വരുമ്പോൾ മിൽമയുടെ നെയ്യ് ഉപയോഗിക്കുമ്പോൾ ഏഴ് മുതൽ ഏഴര ലിറ്റർ വരെ മതിയാകുമെന്നായിരുന്നു മിൽമയ്ക്ക് അനുകൂലമായി നൽകിയ വിശദീകരണം.
ഇതിന്റെ അടിസ്ഥാനത്തിൽ മിൽമയ്ക്ക് മുൻഗണന നൽകണമെന്ന് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ശുപാർശ ചെയ്തിരുന്നു. എന്നാൽ ദേവസ്വം കമ്മീഷണർ ഇതിനെ എതിർത്തു. ഈ നിലപാട് മറികടന്ന് മിൽമയ്ക്ക് കരാർ നൽകാൻ പി.എസ്. പ്രശാന്തും ബോർഡ് അംഗം അജികുമാറും തീരുമാനിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട്ടിലെ ഒരു സ്ഥാപനം ഒരു ലിറ്റർ നെയ്യിന് 369 രൂപയാണ് ക്വോട്ട് ചെയ്തിരുന്നത്. എന്നാൽ മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ലിറ്ററിന് 510 രൂപയാണ് ചെലവായത്. 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും പങ്കുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം.




