കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ് ഔട്ട് റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ, നൂറോളം റൈഡർമാർ അണിനിരന്നു.
ഡെപ്യൂട്ടി കമ്മീഷണർ ഓഫ് കസ്റ്റംസ് റോയ് വർഗീസ് ബൈക്ക് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. എംഎൽഎ ഷിബു തെക്കുംപുറവും റൈഡിൽ പങ്കുചേർന്നു. കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, പഞ്ചായത്ത് പ്രസിഡന്റ്‌മാരായ മേരി കുര്യാക്കോസ്, റീന ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചിഞ്ചു ബിബി, പ്രിയങ്ക ടോമി, മുൻസിപ്പൽ കൗൺസിലേഴ്‌സ്,വാർഡ് മെമ്പർമാർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
കോതമംഗലത്ത് നിന്ന് ആരംഭിച്ച ബൈക്ക് റൈഡ് നേര്യമംഗലം, മാമലക്കണ്ടം, കുട്ടമ്പുഴ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തട്ടേക്കാട് മിനി സ്വിറ്റ്സർലാൻഡിൽ എത്തിച്ചേർന്നു. മഴക്കാലത്തിന്റെ കുളിരും മലനിരകളുടെ മനോഹാരിതയും വനപാതകളുടെ സൗന്ദര്യവും ആസ്വദിച്ചുള്ള യാത്ര റൈഡർമാർക്ക് വേറിട്ട അനുഭവമായി.
കോതമംഗലത്തിന്റെ മഴക്കാല സൗന്ദര്യവും പ്രകൃതി–സാഹസിക വിനോദസഞ്ചാര സാധ്യതകളും കൂടുതൽ പേരിലേക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൺസൂൺ മാജിക്കിന്റെ ഭാഗമായി ബൈക്ക് റൈഡ് സംഘടിപ്പിച്ചത്. റൈഡ് മൺസൂൺ മാജിക്കിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നായി.




