ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എൻടിഎ ഡയറക്ടർ വിശ്വജീത് കുമാർ സിബിഐക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന രഹസ്യ ഹാളിൽ കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നും സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച സംഭവിച്ചിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചതായാണ് വിവരം.
രഹസ്യ ഹാളിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥരുടെ ദേഹപരിശോധന പ്രവേശന സമയത്തോ പുറത്തിറങ്ങുമ്പോഴോ നടത്തിയിരുന്നില്ലെന്നും എൻടിഎ ഡയറക്ടർ മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. സിസിടിവി ദൃശ്യങ്ങളും കാര്യമായി പരിശോധിച്ചിരുന്നില്ലെന്നാണ് മൊഴിയിലെ പരാമർശം.
പ്രവേശന കവാടത്തിലെ സിസിടിവി മാത്രമാണ് പ്രധാനമായും നിരീക്ഷിച്ചിരുന്നതെന്നും ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കാര്യമായി പരിശോധിച്ചിരുന്നില്ലെന്നും മൊഴിയിലുണ്ടെന്നാണ് വിവരം.
ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ പങ്കാളികളായ മുതിർന്ന രസതന്ത്ര വിഷയവിദഗ്ധരിൽ രണ്ടുപേർ കോച്ചിങ് സെന്ററുകളിൽ അധ്യാപകരായി പ്രവർത്തിക്കുന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നും വിശ്വജീത് കുമാർ സമ്മതിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീറ്റ്, ജെഇഇ മെയിൻ, സിയുഇടി-യുജി തുടങ്ങിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ടും ഇവർ സേവനം നൽകിയിരുന്നു.
വിഷയവിദഗ്ധർക്ക് കോച്ചിങ് സെന്ററുകളുമായുണ്ടായിരുന്ന ബന്ധം ചോദ്യപേപ്പർ ചോർച്ചയ്ക്ക് വഴിയൊരുക്കിയെന്നാണ് സിബിഐയുടെ അന്വേഷണത്തിലെ വിലയിരുത്തൽ. എൻടിഎ ഡയറക്ടർ ജനറലിന്റെ അംഗീകാരത്തിന് ശേഷമാണ് വിഷയവിദഗ്ധരുടെ പട്ടിക തയ്യാറാക്കിയതെന്നും അവരുടെ യോഗ്യതയും തയ്യാറാക്കിയ ചോദ്യങ്ങളുടെ ഗുണനിലവാരവുമാണ് പ്രധാനമായും പരിഗണിച്ചതെന്നും വിശ്വജീത് കുമാർ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്.
വിഷയവിദഗ്ധരെ തിരഞ്ഞെടുക്കുന്ന സമയത്ത് അവർക്ക് കോച്ചിങ് സെന്ററുകളുമായുള്ള ബന്ധം പരിഗണിച്ചിരുന്നില്ലെന്നതും അന്വേഷണത്തിൽ പ്രധാനപ്പെട്ട വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആകെ 360 സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. വിശ്വജീത് കുമാറിന്റെയും മറ്റ് 17 എൻടിഎ ഉദ്യോഗസ്ഥരുടെയും മൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം 28ന് സിബിഐ വിശദമായ കുറ്റപത്രം ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ തയ്യാറാക്കൽ മുതൽ സുരക്ഷാ ക്രമീകരണങ്ങൾ വരെയുള്ള വിവിധ ഘട്ടങ്ങളിലെ വീഴ്ചകളും ചോർച്ചയിലേക്ക് നയിച്ച സാഹചര്യങ്ങളുമാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്.




