കണ്ണൂർ: പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ, ഫാത്തിമത്ത് റിസയ്ക്ക് മർദനമേറ്റതിനെക്കുറിച്ചോ ആസിഫിന്റെ ലഹരി ഉപയോഗത്തെക്കുറിച്ചോ അറിവില്ലെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. ആസിഫ് റിസയെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നും മകൻ ലഹരി ഉപയോഗിക്കുന്നതായി അറിയില്ലെന്നും ഇരുവരും മൊഴി നൽകി.
കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആസിഫിന്റെ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. കഴിഞ്ഞ മാസം 28-നാണ് ഫാത്തിമത്ത് റിസയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ആസിഫ് വിദേശത്തേക്ക് പോയിരുന്നു. ഫാത്തിമത്ത് റിസ ഗാർഹിക പീഡനത്തിനും ഭർത്താവിന്റെ മർദനത്തിനും ഇരയായിരുന്നുവെന്ന കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




