തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടന്നെന്ന ആരോപണത്തിൽ ബിജെപിയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംസ്ഥാന സെക്രട്ടറിയുടെയും രണ്ട് മേഖലാ ഭാരവാഹികളുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരാണ് ഇവർ.
ഫണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകളും തെളിവുകളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും സംസ്ഥാന ട്രഷറർ പി. കൃഷ്ണദാസുമാണ് അന്വേഷണ സംഘത്തിലുള്ളത്. പരാതിക്കാരുടെയും സാമ്പത്തിക ഇടപാടുകൾ നടത്തിയവരുടെയും മൊഴിയെടുക്കുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകളും പരിശോധിക്കും.
ജിഎസ്ടി ബില്ലുകൾ ഉൾപ്പെടെയുള്ള രേഖകളിൽ ക്രമക്കേട് നടന്നതായും ഒരു കടലാസ് കമ്പനി രൂപീകരിച്ച് അതിലേക്ക് പണം കൈമാറ്റം ചെയ്തതായും ആരോപണമുണ്ട്. എന്നാൽ ബിജെപിയിൽ യാതൊരുവിധ ഫണ്ട് തിരിമറിയും നടന്നിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കോർ കമ്മിറ്റി സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരായ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്.
സംസ്ഥാന കമ്മിറ്റി കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഫണ്ട് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നത്. 20-20 സ്ഥാനാർഥിയാകാൻ വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്ന് ആരോപിച്ച് ചില സ്ഥാനാർഥികൾ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്ലക്കാർഡുകൾ വാങ്ങിയതിലും വാഹനങ്ങൾ വാടകയ്ക്കെടുത്തതിലും ക്രമക്കേട് നടന്നതായും ആരോപണമുണ്ട്. കൊടികൾ വാങ്ങിയെന്ന പേരിൽ വ്യാജ ബിൽ സമർപ്പിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.
3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങിയെന്ന പേരിൽ വ്യാജ ബിൽ നൽകിയെന്ന പരാതിയിൽ കേസെടുത്തില്ലെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. വാമനപുരം സ്വദേശിയായ കടയുടമ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയതായാണ് വിവരം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ബിൽ ഉപയോഗിച്ച് പണം തട്ടിയെന്നാണ് ആരോപണം. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ചുമതലയുള്ള വ്യക്തിയാണ് ഇടപാടിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ കൊടികൾ വിൽക്കാറില്ലെന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.
ദേശീയ നേതാക്കൾ കേരളത്തിലെത്തിയ സമയത്ത് ആഡംബര ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്തതിന്റെ ബില്ലുകളിൽ ഇരട്ടിയും മൂന്നിരട്ടിയും തുക രേഖപ്പെടുത്തിയെന്ന ആരോപണവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ഹെലികോപ്റ്റർ വാടകയുമായി ബന്ധപ്പെട്ട ഇടപാടുകളിലും യാത്ര ചെയ്ത മണിക്കൂറുകൾ അധികമായി കണക്കാക്കി പണം തട്ടിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം ചില നേതാക്കൾ ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കുകളിലടക്കം ഉണ്ടായിരുന്ന വലിയ വായ്പകൾ ഒറ്റത്തവണയായി തിരിച്ചടച്ചതായും ആരോപണമുണ്ട്.
ആരോപണങ്ങൾ സംബന്ധിച്ച് കൂടുതൽ മൊഴികളും രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നത്.




