ന്യൂഡൽഹി: മലയാളിയായതിലും ദക്ഷിണേന്ത്യക്കാരനായതിലും അഭിമാനമുണ്ടെന്ന് രാജ്യസഭയിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസ്. ബിജെപി എംപി സുഷ്മിത ദേവിന്റെ ‘ലുങ്കിവാല’ പരാമർശത്തിനെതിരെയാണ് ബ്രിട്ടാസ് ശക്തമായി പ്രതികരിച്ചത്. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നുവെന്നും തന്റെ സംസ്കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാക്കുകൾകൊണ്ട് രാഷ്ട്രീയമായി പോരാടാം. എന്നാൽ തന്നെ ആവർത്തിച്ച് ‘ലുങ്കിവാല’ എന്ന് വിളിച്ചതായി ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ സുഷ്മിത ദേവിനെതിരെ രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണന് ബ്രിട്ടാസ് അവകാശലംഘന നോട്ടീസും നൽകി.
പരാമർശത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ വാക്കുതർക്കമുണ്ടായി. എല്ലാ അംഗങ്ങളും തുല്യരാണെന്നും പ്രദേശത്തിന്റെ പേരിൽ വ്യത്യാസമില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. വ്യക്തിവിരുദ്ധമോ രാജ്യവിരുദ്ധമോ ആയ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും സുഷ്മിത ദേവിനും പരാതിയുണ്ടെന്നും അത് കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വസ്ത്രധാരണ രീതികളെ ബഹുമാനിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വ്യക്തമാക്കി. തങ്ങൾ ഇതിനെ ‘ലുങ്കി’ എന്നല്ല ‘ധോത്തി’ എന്നാണ് വിളിക്കുന്നതെന്നും ഇത്തരം പരാമർശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും നദ്ദ പറഞ്ഞു.
സഭാ നടപടികൾ തടസ്സപ്പെട്ടതോടെ അധ്യക്ഷൻ ഇടപെട്ടു. സഹപ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം അംഗങ്ങൾക്ക് നിർദേശം നൽകി. ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് മണിവരെ നിർത്തിവെച്ചു.
ജോൺ ബ്രിട്ടാസിന്റെ പ്രസംഗത്തിനിടെ തടസ്സപ്പെടുത്തുന്നതിനിടെയായിരുന്നു ‘കേരള എംപി ലുങ്കിവാല’ എന്ന പരാമർശം സുഷ്മിത ദേവ് നടത്തിയതെന്നാണ് ആരോപണം. സംഭവം ബിജെപിയുടെ കേരള വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണെന്ന് സിപിഐഎം എംപി എ എ റഹീമും പ്രതികരിച്ചു.


