ചെന്നൈ: ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രി വരേണ്ട സമയമാണിതെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അർജുന. പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്നുള്ള ഒരാൾ പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. മണ്ഡല പുനർനിർണയത്തിനെതിരായ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ആധിപത്യം വർധിക്കുമെന്നും അതോടെ തമിഴ്നാടിന്റെ ശബ്ദം ദുർബലമാകുമെന്നും ആഥവ് അർജുന ചൂണ്ടിക്കാട്ടി. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രധാനമന്ത്രി വരണം. പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്ന്. ഇത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമല്ല. സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം സംരക്ഷിക്കാനുള്ള പോരാട്ടമാണ്,’ ആഥവ് അർജുന പറഞ്ഞു.
പാർലമെന്റിലെ തമിഴ്നാടിന്റെ പ്രാതിനിധ്യം പര്യാപ്തമല്ലെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാടിന് 100 എംപിമാരുണ്ടായിരുന്നെങ്കിൽ നീറ്റ്, ജിഎസ്ടി, സിഎഎ തുടങ്ങിയ വിഷയങ്ങളിൽ നിലവിലെ രീതിയിലുള്ള തീരുമാനങ്ങൾ ഉണ്ടാകുമായിരുന്നോ എന്നും മന്ത്രി ചോദിച്ചു.
മണ്ഡല പുനർനിർണയ ബില്ലിനെ തമിഴ്നാട്ടിൽനിന്നുള്ള 39 എംപിമാരും എതിർത്ത് വോട്ട് ചെയ്യണമെന്നും നിലവിലുള്ള മണ്ഡലങ്ങൾ അടുത്ത 25 വർഷത്തേക്ക് അതേപടി നിലനിർത്തണമെന്നും ആഥവ് അർജുന ആവശ്യപ്പെട്ടു.




