തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസനത്തിൽ അതിവേഗം പൂർത്തിയാക്കേണ്ട പ്രധാന പദ്ധതികളിലൊന്നാണ് തുറമുഖത്തെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത. പദ്ധതി രൂപരേഖയും പാരിസ്ഥിതിക അനുമതിയും ലഭിച്ചെങ്കിലും ടെൻഡർ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. 2028ന് മുമ്പ് പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ നിരവധി വെല്ലുവിളികളാണ് സർക്കാരിന് മുന്നിലുള്ളത്.
തുറമുഖ വികസനത്തിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരവാസികൾക്കിടയിൽ പുതിയ റെയിൽപാതയെച്ചൊല്ലിയും ആശങ്ക നിലനിൽക്കുകയാണ്. തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്നാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. തുരങ്കത്തിൽനിന്ന് റെയിൽപാത തുറമുഖത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മാത്രം 21 വീടുകളാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ നിലവിലെ അലൈൻമെന്റ് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിഴിഞ്ഞം തുറമുഖത്തിനകത്തുനിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരെ 10.7 കിലോമീറ്ററാണ് ദൂരം. തുറമുഖത്തുനിന്ന് ഏകദേശം 150 മീറ്റർ അകലെ കരിമ്പള്ളിക്കരയിൽ നിന്നാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് 9.43 കിലോമീറ്റർ ദൂരം തുരങ്കത്തിലൂടെയാണ് റെയിൽപാത കടന്നുപോകുക. വിഴിഞ്ഞം–മുക്കോല–ബാലരാമപുരം റോഡിന് സമാന്തരമായി ഭൂനിരപ്പിൽനിന്ന് ഏകദേശം 30 മീറ്റർ താഴ്ചയിലായിരിക്കും പാത.
ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലായി 5.523 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. പദ്ധതിക്ക് 1,482.92 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപറേഷൻ തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയിൽ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയാണ് നിർദേശിച്ചിരിക്കുന്നത്.
ടെൻഡർ നടപടികളിലേക്ക് വേഗത്തിൽ കടക്കാനുള്ള നീക്കത്തിലാണ് സർക്കാർ. എന്നാൽ ഭൂമി ഏറ്റെടുക്കലും അലൈൻമെന്റുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ ആശങ്കകളും എതിർപ്പുകളും പദ്ധതിക്ക് മുന്നിൽ പ്രധാന വെല്ലുവിളിയായി തുടരുകയാണ്.




