കൊല്ലം: ചിതറയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വാടകവീട് ഇടിച്ചുപൊളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വസ്തു ഉടമയുടെ സഹോദരന്മാരായ അൻവറിനും ദിൽബറിനുമെതിരെയാണ് ചിതറ പൊലീസ് കേസെടുത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വീട് പൊളിക്കാൻ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രവും പൊലീസ് കസ്റ്റഡിയിലെടുത്തു.
അബ്ദുൾ വഹാബും ഭാര്യ സുഹറയും താമസിച്ചിരുന്ന വാടകവീടാണ് കഴിഞ്ഞ ദിവസം ഉടമകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ഉടമകളും വാടകക്കാരും തമ്മിൽ ഏറെക്കാലമായി തർക്കം നിലനിന്നിരുന്നു. വീട് ഒഴിയണമെന്ന് ഉടമകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും വിഷയം കോടതിയിലെത്തുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര മുൻസിഫ് കോടതി നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീട് പൊടുന്നനെ ഇടിച്ചുനിരത്തിയത്.
വീട് പൊളിക്കാൻ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറെയും പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പ്രതിചേർത്തിരുന്നു. എന്നാൽ ഡ്രൈവറുടെ പേര് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. ‘വാഹന ഡ്രൈവർ’ എന്നാണ് പരാമർശിച്ചിട്ടുള്ളത്.
വീട് പൂർണമായി പൊളിച്ചുനീക്കപ്പെട്ടതോടെ അബ്ദുൾ വഹാബിനും ഭാര്യ സുഹറയ്ക്കും താമസിക്കാൻ ഇടമില്ലാത്ത അവസ്ഥയായി. തുടർന്ന് കടത്തിണ്ണകളിലടക്കം അഭയം തേടേണ്ട ദുരവസ്ഥയിലായിരുന്നു ദമ്പതികൾ.




