ഒരു ദശാബ്ദത്തിനിടെ ആദ്യമായി ലോഗോയിൽ മാറ്റം വരുത്തി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ പങ്കിടൽ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മൾട്ടികളർ ക്യാമറ ഐക്കണിൽ മാറ്റമില്ല. എന്നാൽ ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്കിനാണ് പുതിയ രൂപം നൽകിയിരിക്കുന്നത്.
പുതിയ രൂപമാറ്റത്തിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വേഡ്മാർക്ക് കൂടുതൽ വ്യക്തവും ആധുനികവുമാക്കുകയാണ് ലക്ഷ്യമെന്നാണ് മെറ്റയുടെ വിശദീകരണം. എന്നാൽ പുതിയ അക്ഷരരൂപം ഇൻസ്റ്റഗ്രാം എന്ന പേര് വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ചിലർ പുതിയ രൂപത്തെ തമാശയായി ‘ഇൻസ്റ്റാഗ്സം’ എന്നും ‘ഇൻസ്റ്റാഗ്വാം’ എന്നും വിശേഷിപ്പിച്ചു.
ആദം മൊസ്സേരി പറഞ്ഞത്
10 വർഷമായി മാറ്റമില്ലാതെ തുടരുന്ന വേഡ്മാർക്ക് ആധുനികവത്കരിക്കാനുള്ള സമയമായതിനാലാണ് പുതിയ രൂപം അവതരിപ്പിച്ചതെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസ്സേരി പറഞ്ഞു. ആപ്പിന്റെ മുകളിലുള്ള വേഡ്മാർക്കിൽ ഒരു ദശാബ്ദമായി മാറ്റമുണ്ടായിട്ടില്ലെന്നും അതിനാൽ മാറ്റം അനിവാര്യമായിരുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
പുതിയ രൂപത്തോടുള്ള ഉപയോക്താക്കളുടെ പ്രതികരണം അറിയാനുള്ള ആകാംക്ഷയും മൊസ്സേരി പ്രകടിപ്പിച്ചു. പിന്നാലെ ഇൻസ്റ്റഗ്രാമിലും എക്‌സിലും പുതിയ ഡിസൈൻ വ്യാപകമായി ചർച്ചയായി. അക്ഷരങ്ങളുടെ രൂപം വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നില്ലെന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്.



