തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ആഭ്യന്തരവകുപ്പ്. മെഡൽ പട്ടികയുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ആഭ്യന്തരവകുപ്പിനുണ്ടായ വീഴ്ചയാണ് പ്രഖ്യാപനം വൈകാൻ കാരണമായത്.
സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിക്കാറുള്ള പതിവ് ഇത്തവണ തെറ്റിയതോടെയാണ് വിവാദം ഉയർന്നത്. വിവിധ സേനാ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കാണ് മെഡൽ നൽകുന്നത്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുന്നത്. എന്നാൽ ഇത്തവണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ല.
മാർച്ചിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് മെഡലിനുള്ള പട്ടിക ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. പട്ടികയിൽ പരാതി ഉയർന്നതിനെ തുടർന്ന് ഇത് തിരിച്ചയച്ചെങ്കിലും പിന്നീട് ആവശ്യമായ പരിശോധനകൾ സമയബന്ധിതമായി നടന്നില്ല. ഒടുവിൽ പട്ടിക അംഗീകരിക്കുന്നതിനായി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ യോഗം ഓഗസ്റ്റ് 20ന് ചേരാനായിരുന്നു തീരുമാനം. നവംബർ ഒന്നിന് മെഡൽ സമ്മാനിക്കുന്നതിന് മുമ്പ് പ്രഖ്യാപനം നടത്താനായിരുന്നു ധാരണ.
എന്നാൽ പ്രഖ്യാപനത്തിലെ പതിവ് തെറ്റിയെന്ന വാർത്ത പുറത്തുവന്നതോടെ ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. പട്ടികയിലുള്ളവരുടെ പരിശോധന മിന്നൽവേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ ആഭ്യന്തരവകുപ്പ്. അന്തിമ പട്ടിക തയ്യാറായാൽ ഇന്ന് തന്നെ സമിതി യോഗം ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി പ്രഖ്യാപനം നടത്താനാണ് ശ്രമം.
ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനത്തിലെ മെല്ലെപ്പോക്ക് നേരത്തെയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ‘മെ പൊലീസ്’, എസ്.എച്ച്.ഒ പരിഷ്കരണം തുടങ്ങിയവ ആഭ്യന്തരവകുപ്പിന്റെ പ്രധാന പദ്ധതികളായിരുന്നെങ്കിലും സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് കൈമാറാനുള്ള ഉത്തരവ് പുറത്തിറങ്ങിയത് ഇന്ന് മാത്രമാണ്.












