മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെയും ദേശീയപാത 66-ലെ കോഹിനൂരിനെയും ബന്ധിപ്പിച്ച് കേരളത്തിലെ ആദ്യ എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനവും അനുബന്ധ നടപടികളും വേഗത്തിലാക്കാൻ തീരുമാനം. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാകുന്നതിനൊപ്പം കോഹിനൂർ മുതൽ വിമാനത്താവളം വരെയുള്ള മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ച് സാധ്യതാ പഠനം അടിയന്തരമായി പൂർത്തിയാക്കി പദ്ധതിയുടെ തുടർ നടപടികളിലേക്ക് കടക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വള്ളിക്കുന്ന് മണ്ഡലം എംഎൽഎ ടി.വി. ഇബ്രാഹിം നിർദേശം നൽകി.
ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംഎൽഎ ടി.വി. ഇബ്രാഹിം, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ തഹസിൽദാർമാർ, വിവിധ പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


