കൊച്ചി: രാജ്യത്തെ പ്രമുഖ സ്വർണ്ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു.
കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർദ്ധിച്ച് ആദ്യപാദത്തിൽതന്നെ 100.29 കോടി രൂപയായി ഉയർന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 76.38 ശതമാനം വർദ്ധിച്ച് 399.64 കോടി രൂപയായി രേഖപ്പെടുത്തി.
2026 ജൂൺ 30ലെ കണക്കനുസരിച്ച് ആകെ നിഷ്ക്രിയ ആസ്തി 0.59 ശതമായും, അറ്റ നിഷ്ക്രിയ ആസ്തി 0.24 ശതമായും നിലനിർത്താൻ കമ്പനിക്ക് സാധിച്ചു. കമ്പനിയുടെ ലാഭക്ഷമതയും ആസ്തി വിനിയോഗവും വ്യക്തമാക്കുന്ന ആസ്തിയിൽ നിന്നുള്ള ലാഭനിരക്ക് 2026 മാർച്ച് 31-ലെ 2.84 ശതമാനത്തിൽ നിന്ന് 5.17 ശതമാനമായി വർദ്ധിച്ചു. ഈ നേട്ടം മുത്തൂറ്റ് എംക്രെഡിനെ മേഖലയിലെ മുൻനിര സ്ഥാപനങ്ങളുടെ നിരയിലെത്തിച്ചു.
കമ്പനിയുടെ ശാഖകളുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 3.76 ശതമാനം വർദ്ധിച്ച് 958-ൽ നിന്ന് 994 ആയി ഉയർന്നു. വിവിധ പ്രദേശങ്ങളിലേക്ക് ശാഖാ ശൃംഖല വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു. പ്രധാന വിപണികളിൽ സാന്നിധ്യം ശക്തമാക്കുന്നതിനും, പുതിയ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനും, സാമ്പത്തിക സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമാണ് കമ്പനി മുൻഗണന നൽകുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലാഭം, ആസ്തി, ശാഖാ ശൃംഖല എന്നിവയിലെല്ലാം മികച്ച വളർച്ചയോടെയാണ് മുത്തൂറ്റ് എംക്രെഡ് തുടക്കം കുറിച്ചതെന്ന് എം.ഡി മാത്യു മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ ബിസിനസ് മാതൃക, മികച്ച പോർട്ട്ഫോളിയോ മാനേജ്മെന്റ്, ഉപഭോക്താക്കളുടെ വിശ്വാസം എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ. ഭാവിയിലും സുസ്ഥിര വളർച്ച, ഉത്തരവാദിത്തമുള്ള വായ്പാ വിതരണം, സ്ഥാപനത്തിന്റെ ശേഷി വർദ്ധിപ്പിക്കൽ എന്നിവ വഴി പങ്കാളികൾക്കെല്ലാം ദീർഘകാല നേട്ടം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യക്ഷമമായ പ്രവർത്തനങ്ങളും മികച്ച ആസ്തി ഗുണമേന്മയുമാണ് ആദ്യ പാദത്തിലെ നേട്ടത്തിന് കാരണമെന്ന് മുത്തൂറ്റ് എംക്രെഡ് സി.ഇ.ഒ പി. ഇ. മത്തായി പറഞ്ഞു. ശാഖകളുടെ വിപുലീകരണവും സാങ്കേതികവിദ്യയുമാണ് സെക്യുവേർഡ് വായ്പകളിൽ വളർച്ച നൽകിയത്. വരും ദിവസങ്ങളിൽ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും കൃത്യമായ റിസ്ക് മാനേജ്മെന്റോടെ ബിസിനസ് വളർത്തുന്നതിനും കമ്പനി തുടർന്നും മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












