റായ്പൂർ: 24 മണിക്കൂറും റേഷൻ ലഭ്യമാക്കുന്ന പുതിയ സംവിധാനവുമായി ഛത്തീസ്ഗഡ്. ‘അന്നപൂർതി ഗ്രെയിൻ എടിഎം’ എന്ന സംവിധാനത്തിലൂടെയാണ് റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്.
സാധാരണ എടിഎമ്മിൽ നിന്ന് പണം ലഭിക്കുന്നതിന് പകരം ഈ മെഷീനിൽ നിന്ന് ഭക്ഷ്യധാന്യങ്ങളാണ് ലഭിക്കുക. റേഷൻ വാങ്ങാൻ പ്രത്യേക ദിവസമോ സമയമോ ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത. ആവശ്യക്കാർക്ക് ഏത് സമയത്തും മെഷീന്റെ സേവനം ഉപയോഗിക്കാം.
റേഷൻ കാർഡും വിരലടയാളവും ഉപയോഗിച്ചാണ് മെഷീനിൽ വിവരങ്ങൾ നൽകേണ്ടത്. തുടർന്ന് അർഹതപ്പെട്ട ധാന്യങ്ങളുടെ വിവരങ്ങൾ മെഷീൻ കാണിക്കും. ആവശ്യമായ അളവ് രേഖപ്പെടുത്തിയാൽ അത്രയും കിലോ ധാന്യം മെഷീനിലൂടെ ലഭിക്കും.
മറ്റൊരാളുടെ സഹായമില്ലാതെ റേഷൻ ലഭ്യമാക്കാൻ കഴിയുന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. റേഷൻ വിതരണത്തിലെ ക്രമക്കേടുകൾ കുറയ്ക്കാനും ഇത് സഹായിക്കും. സബ്‌സിഡിയുള്ള ധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നതും അളവിൽ കൃത്രിമം നടത്തുന്നതും തടയാൻ ഗ്രെയിൻ എടിഎം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഒരു വനിതാ സ്വയംസഹായ സംഘത്തിലാണ് ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. വ്യവസായിയായ ഹർഷ് ഗോയങ്ക ഗ്രെയിൻ എടിഎമ്മിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് പദ്ധതിയെ പ്രശംസിച്ചിരുന്നു. സാങ്കേതികവിദ്യ ക്ഷേമപദ്ധതികളുടെ സേവനം കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു.












