മലപ്പുറം: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. പെരിന്തൽമണ്ണ– കോട്ടക്കൽ പാതയിലെ സ്ഥിരം അപകടമേഖലയായ പുത്തൂർ ഇറക്കത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ ലോറി ഡ്രൈവർ നിഷാന്ത് (23), ക്ലീനർ മുരുകേഷൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് കോട്ടക്കലിലേക്ക് തണ്ണിമത്തൻ കയറ്റിയെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കെട്ടിടത്തിന്റെ ചുമർ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ ലോറിയുടെ കാബിനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ പൊളിച്ചാണ് ഗുരുതരമായി പരിക്കേറ്റ നിഷാന്തിനെ പുറത്തെടുത്തത്. തുടർന്ന് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് പെരിന്തൽമണ്ണ– കോട്ടക്കൽ പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.




