തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകളെത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (വൻതാര)യിൽനിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു.
ഒൻപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം വീണ്ടും ഉണ്ടാകുന്നത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് എത്തിച്ച സീത എന്ന സീബ്ര 2017ൽ പ്രായാധിക്യംമൂലം ചത്തതോടെയാണ് മൃഗശാലയിൽ സീബ്രകളില്ലാതായത്. വൻതാരയിൽനിന്ന് മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളെയാണ് എത്തിക്കുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ സീബ്രകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു.
പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ റോഡ് മാർഗമാണ് സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഏകദേശം മൂന്ന് ദിവസം നീളുന്ന യാത്രയിൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം സീബ്രകളെ അനുഗമിക്കും.
സീബ്രകളെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിന് പകരമായി മൃഗശാലയിലെ ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയ്ക്ക് കൈമാറും.
വർഷങ്ങൾക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സീബ്രകളുടെ സാന്നിധ്യം സന്ദർശകർക്ക് പ്രത്യേക ആകർഷണമാകുമെന്നും അവർ വ്യക്തമാക്കി.
മൃഗശാല സൂപ്രണ്ട് ടി. വി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് സീബ്രകളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. ഓണാവധിക്കാലത്ത് തന്നെ സന്ദർശകർക്ക് സീബ്രകളെ കാണാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.




